കോലഞ്ചേരി: കണ്ടകശനി മാറാൻ കാത്ത് കോലഞ്ചേരി ഗ്യാസ് ഗോഡൗൺ റോഡ്.പുതിയ കണക്ഷനും,സിലിണ്ടർ മാറ്റത്തിനുമൊക്കെയായി നൂറു കണക്കിന് വാഹനങ്ങൾ പ്രതി ദിനം സഞ്ചരിക്കുന്ന റോഡിനെ ജനപ്രതിനിധികളടക്കം കൈ വിട്ട മട്ടാണ്. കോലഞ്ചേരി കോടതി ജംഗ്ഷനിൽ തുടങ്ങി ബ്ലോക്ക് ജംഗ്ഷൻ കാരമോളപ്പീടിക റോഡിൽ അവസാനിക്കുന്ന 800 മീറ്ററോളം ദൂരം വരുന്ന ചെറിയ റോഡാണിത്. ജംഗ്ഷനുമായി ബന്ധപ്പെട്ട റോഡുകളിൽ സാമാന്യം തിരക്കുള്ളതും എന്നാൽ ഇടുങ്ങിയതുമായ റോഡ് പൊളിഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളായി. ഭാരത് ഗ്യാസിന്റെ ഗോഡൗൺ സ്ഥിതി ചെയ്യുന്നത് ഈ റോഡിലായതിനാൽ വലിയ ഭാരവാഹനങ്ങളും ഇതുവഴി പതിവായി ഓടുന്നുണ്ട്. രണ്ടു പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണെങ്കിലും വലിയ റോഡുകളിൽ ഗതാഗത തടസങ്ങൾ ഉണ്ടാകുമ്പോൾ ഉപയോഗപ്പെടുത്താനും കഴിയും.കോടതി ജംഗ്ഷനു സമീപം റോഡ് തുടങ്ങുന്നത് കനാലിനോട് ചേർന്ന് തുടക്കത്തിൽ വീതി ഉണ്ടെങ്കിലും പിന്നീട് കുറവാണ്.
തരിപ്പണമായി റോഡ്
റോഡിന്റെ ഇരുവശവും കാടുകയറിയ നിലയിലാണ്. പലയിടങ്ങളിലും കുഴികളും വലിയ വളവുകളും വീതിക്കുറവും റോഡിന്റെ പ്രശ്‌നങ്ങളാണ്. അഞ്ചു വർഷം മുമ്പാണ് റോഡ് ടാറിംഗ് നടത്തിയത്,പിന്നീട് റോഡ് പൊളിഞ്ഞു.ഒന്നര വർഷം മുമ്പ് ടാറിംഗിനുള്ള നടപടികൾ തുടങ്ങിയെങ്കിലും റോഡ് വൃത്തിയാക്കലിൽ അവസാനിച്ചു. റോഡരുകിലെ അപകടമുണ്ടാക്കുന്ന കട്ടിംഗുകളും ഒഴിവാക്കുവാൻ നടപടി വേണം. ബ്ലോക്ക് ജംഗ്ഷൻ കാരമോളപ്പീടിക റോഡിൽ നിന്നും ഗ്യാസ് ഗോഡൗൺ റോഡിലേക്ക് കയറുന്നിടത്ത് റോഡരുകിലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുമായി മാലിന്യം തള്ളുന്നതും പ്രതിഷേധമുയർത്തുന്നുണ്ട്. വലിയ ചാക്കുകളിലാക്കിയാണിവിടെ മാലിന്യം തള്ളുന്നത്. കോഴിക്കടകളിലെ മാലിന്യം മുതൽ തുണിക്കടയിലെ മാലിന്യം വരെ ഇവിടെ തള്ളിയിട്ടുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും
റോഡിന്റെ ടാറിംഗിന് കരാറായിട്ടുണ്ട്. 6,93,201 രൂപക്കാണ് റോഡ് ടാറിംഗിനും റോഡിന്റെ സൈഡ് ചരിച്ച് കോൺക്രീറ്റ് ചെയ്യുന്നതിനും. റോഡിന്റെ ഉപയോഗം കണക്കിലെടുത്ത് കൂടുതൽ കാര്യക്ഷമമാക്കുവാൻ ലക്ഷ്യമിടുന്നുണ്ട്. മഴ കുറഞ്ഞാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.
എൽസി ബാബു, പഞ്ചായത്തംഗം
വീതി കൂട്ടി ടാറിംഗ് നടത്തണം
കൂടുതൽ ഈടു നിൽക്കുന്ന വിധത്തിൽ ഉടൻ ടാറിംഗ് നടത്തണം.ഭാരവാഹനങ്ങൾക്കു പോകുവാൻ കഴിയുന്ന വിധത്തിൽ റോഡ് പുനർ നിർമ്മിക്കണം. വളരെയധികം ജനോപകാരപ്രദമാണ് ഗ്യാസ് ഗോഡൗൺ റോഡ് കൂടുതൽ ഈടു നിൽക്കുന്ന വിധത്തിൽ വീതി കൂട്ടി ടാറിംഗ് നടത്തുവാൻ നടപടി വേണം.
ജോണി തെക്കേടത്ത്,ഇലക്ട്രീഷ്യൻ, കോടതി ജംഗ്ഷൻ.