market

ആലുവ: ആലുവ മാർക്കറ്റിൽ പൊലീസ്- റവന്യു വകുപ്പ് സംയുക്ത പരിശോധയിൽ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിച്ചിരുന്ന 12 കച്ചവടക്കാർ കുടുങ്ങി. മാർക്കറ്റിൽ വ്യാപനകമായി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത സംഘം മിന്നൽ പരിശോധന നടത്തിയത്. ആലുവയിൽ കൊവിഡിന്റെ വ്യാപന കേന്ദ്രമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒന്നര മാസത്തോളം ആലുവ മാർക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ജില്ലാ ഭരണകൂടം മുന്നോട്ട് വച്ച കർശന മാർഗനിർദേശങ്ങൾ ഉറപ്പ് നൽകിയാണ് മാർക്കറ്റ് തുറക്കാൻ അനുമതി നൽകിയത്.

ഇന്നലെ ഉച്ചയോടെ ആലുവ തഹസിൽദാർ പി.എൻ. അനി, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എൻ. സുരേഷ് കുമാർ, എസ്.ഐ ജെർട്ടീന ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കായുള്ള രജിസ്റ്റർ, സാനിറ്ററൈസർ എന്നിവയില്ലെന്നും ആരോപിച്ച് ചിലർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചതനുസരിച്ചാണ് പൊലീസ് - റവന്യു സംയുക്ത പരിശോധന നടന്നത്. പച്ചക്കറി മാർക്കറ്റിലും പഴയ മാർക്കറ്റിലുമായി 20ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ് 12 പേർ കുടുങ്ങിയത്. ഇവർക്ക് 500 രൂപ വീതം പിഴയിട്ടു.

ആഗസ്റ്റ് 19നാണ് പച്ചക്കറി - മത്സ്യ മാർക്കറ്റ് ഉപാധികളോടെ തുറന്നത്. 24 മുതലാണ് ചില്ലറ വ്യാപാരം ആരംഭിച്ചത്. വാഹനങ്ങളിൽ നിന്നും ചരക്കിറക്കുന്നതിനും കടകൾ തുറക്കുന്നതിനും വരെ നിയന്ത്രണങ്ങളുണ്ടായിരുന്നു. കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നറിയാൻ വ്യാപാരി യൂണിയൻ പ്രതിനിധികളടങ്ങുന്ന 12 അംഗ ജാഗ്രത സമിതിയുണ്ടാക്കി. എന്നാൽ മാർക്കറ്റ് തുറന്ന് ഒന്നര മാസം പിന്നിട്ടതോടെ നിയന്ത്രണങ്ങളെല്ലാം കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ലംഘിക്കുന്നതായാണ് ആരോപണം ഉയർന്നത്. മിന്നൽ പരിശോധനകൾ തുടരുമെന്ന് സി.ഐ എൻ. സുരേഷ് കുമാർ അറിയിച്ചു.