
കൊച്ചി: കായൽസഞ്ചാര വിലക്കിനെത്തുടർന്ന് കരയ്ക്കടുത്ത കൊച്ചിയിലെ ഉല്ലാസനൗകകളും അതിനെചുറ്റിപ്പറ്റി ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിൽ.മാർച്ച് മാസത്തിൽ പ്രഖ്യാപിച്ച സമ്പൂർണ ലോക് ഡൗൺകാലത്ത് നങ്കൂരമിട്ട ബോട്ടുകൾ പിന്നീട് ഇതുവരെ കായൽപരപ്പിലിറങ്ങിയിട്ടില്ല. ലോക് ഡൗണിന് മൂന്നുമാസം മുമ്പേ, 2019 ഡിസംബർ മുതൽ പ്രളയവും അനുബന്ധ കാലാവസ്ഥവ്യതിയാനങ്ങളും കായൽ സഞ്ചാരത്തിന് കരിനിഴൽ വീഴ്ത്തിയിരുന്നു.2018 ലെ പ്രളയത്തോടെ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ ആരംഭിച്ച പ്രതിസന്ധി കൊവിഡ് ലോക്ഡൗൺ കാലത്ത് സമ്പൂർണമാവുകയായിരുന്നു.
ലോക് ഡൗണിൽ അടച്ചുപൂട്ടിയ ജീവനോപാധികളിൽ പലതിനും പിന്നീട് ഘട്ടംഘട്ടമായി ഇളവുകൾ അനുവദിച്ചു. അങ്ങനെ കരയിലെ കാര്യങ്ങളൊക്കെ ഒരുവിധം സാധാരണനില കൈവരിക്കുകയും ചെയ്തു. എന്നാൽ ഉപ്പുവെള്ളത്തിെന്റെ തിരതല്ലലും കായൽകാറ്റിന്റെ രൂക്ഷതയും അതിജീവിച്ച് കടവിൽ കാത്തുകിടക്കുന്ന ബോട്ടുകൾക്ക് ഇതുവരെയും മോചനമായില്ല. കൊവിഡ് നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സാധിക്കാത്ത സ്ഥാപനങ്ങൾക്കും സംരംഭകർക്കുമൊക്കെ സർക്കാർ താൽക്കാലിക ആശ്വസ പദ്ധതികളെങ്കിലും നടപ്പിലാക്കിയപ്പോഴും ടൂറിസ്റ്റ് ബോട്ടുകളെയും അതിനുപിന്നിലെ ജീവിതങ്ങളെയും പാടെ അവഗണിച്ചു.
ചെറുതും വലുതുമായ 170 ബോട്ടുകളാണ് കൊച്ചിക്കായലിൽ സർവീസ് നടത്തിയിരുന്നത്. പ്രത്യക്ഷത്തിൽ നൂറിലധികം സംരംഭകരും ആയിരത്തിലേറെ തൊഴിലാളി കുടുംബങ്ങളും ഈ മേഖലയെ ആശ്രയിച്ചുമാത്രമാണ് ജീവിക്കുന്നത്. ഇതിനുപുറമെ പരോക്ഷമായി ടൂർ ഓപ്പറേറ്റർമാർ മുതൽ ടാക്സി ഡ്രൈവർമാരും, ടൂറിസ്റ്റു ഗൈഡുകളും കമ്മീഷൻ ഏജന്റുമാരുമൊക്കെയായി ആയിരങ്ങൾ വേറെയുമുണ്ട്. എന്നാൽ ആറുമാസത്തിലേറെയായി തങ്ങളുടെ അവസ്ഥയെന്താണെന്ന് ചോദിക്കാൻ പോലും ആരുമില്ലെന്നാണ് ഇവരുടെ പരാതി. മറ്റാരും വന്നില്ലെങ്കിലും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽപോലും ഈ വഴി വരാതിരുന്നതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ബോട്ട് ഉടമകൾ പറഞ്ഞു.
ഡി.ടി.പി.സി യുടെ നിലപാടിൽ പ്രതിഷേധം
2018 ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് വിളിച്ചുകൊണ്ടുപോയ ബോട്ടുകൾക്ക് നാളിതുവരെ ഇന്ധനച്ചെലവുപോലും നൽകിയിട്ടില്ല. പ്രളയകാലത്ത് സ്വകാര്യ ബോട്ടുകളിൽനിന്നും എടുത്തുകൊണ്ടുപോയ ലൈഫ് ജാക്കറ്റുകളും ലൈഫ്ബോയകളും തിരികെ നൽകിയിട്ടുമില്ല. അതിലൊന്നും പരിഭവം പറയാതെ കൂടെനിന്ന തങ്ങൾ പ്രതിസന്ധിയിലായപ്പോൾ തിരിഞ്ഞുനോക്കാൻ കൂട്ടാക്കാത്തത് നന്ദികേടാണെന്നും ബോട്ടുടമകൾക്ക് പരാതിയുണ്ട്.
കരകയറ്റാനും നിവർത്തിയില്ല
ഓടാതെ കിടക്കുന്ന ബോട്ടുകളുടെ അറ്റകുറ്റപ്പണിയും തൊഴിലാളികളുടെ നിലനിൽപ്പുമൊക്കെയായി ഓരോ സംരംഭകനും ഇതിനോടകം ലക്ഷങ്ങളുടെ ബാധ്യതക്കാരായി മാറി. ഇൻലാന്റ് നാവിഗേഷൻ നിയമങ്ങളും മറ്ര് നിബന്ധനകളും പാലിച്ച് പ്രവർത്തിക്കുന്ന അംഗീകൃത ജെട്ടികളില്ലാതെ ബോട്ടുകൾ സൂക്ഷിക്കാനാവില്ല. സർക്കാർ അംഗീകൃത യാർഡിൽ സൂക്ഷിക്കണമെങ്കിൽ ബോട്ട് ഒന്നിന് ദിവസം 500 രൂപവീതം വാടക നൽകണം. ഉടമയുടെ സ്വന്തം സ്ഥലത്തും ബോട്ട് സൂക്ഷിക്കാൻ അനുവാദമില്ല.
''സാഗരറാണി, നെഫർറ്റിറ്റി ക്രൂയിസുകൾക്ക് കൊവിഡ് മാനദണ്ഡം അനുസരിച്ച് സർവീസ് നടത്താൻ അനുമതി നൽകിയ സാഹചര്യത്തിൽ സ്വകാര്യ ബോട്ട് സർവീസുകൾക്കും ഇളവുകൾനൽകണം. കരയിൽ ഓടുന്ന വാഹനങ്ങൾക്ക് ആർ.സി. ബുക്കിന്റെ ഈടിന്മേൽ വായ്പനൽകുന്നതുപോലെ ജലയാനങ്ങൾക്കും അടിയന്തിരമായി വായ്പ അനുവദിക്കണം.''
:- ടി.ബി. സാജു, സെക്രട്ടറി, മറൈൻഡ്രൈവ് ടൂറിസ്റ്റ് ബോട്ട്
ഓപ്പറേറ്റേഴ്സ് അസോസിയേഷൻ