
കൊച്ചി: പ്ലസ് വൺ ഏകജാലക പ്രവേശനത്തിൻെറ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ 16,462 പേർ പുറത്ത്. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ കണക്കുകൾ പ്രകാരം 2,225 ജനറൽ, മെറിറ്റ് സീറ്റുകളിൽ 99.9 ശതമാനം പ്രവേശനവും പൂർത്തിയായി കഴിഞ്ഞു. സീറ്റ് വർദ്ധിപ്പിച്ചാൽ പോലും കുറഞ്ഞത് പതിനായിരം കുട്ടികൾ മറ്റ് കോഴ്സുകൾ തേടിപ്പോകേണ്ടിവരും.
മുഖ്യ അലോട്ട്‌മെന്റും പൂർത്തിയാവുമ്പോൾ ജില്ലയിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്ത മൂന്നു സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. മുന്നാക്ക സംവരണ സീറ്റുകളിൽ ഉൾപ്പെടെ രണ്ട് അലോട്ട്‌മെന്റുകൾ വഴിയാണ് പ്രവേശനം. ഒന്നാം അലോട്ട്‌മെന്റിൽ ഒഴിഞ്ഞു കിടന്ന 4,065 സീറ്റുകളും
സംവരണ സീറ്റുകളും ഫുള്ളായി.
6043 പേർക്കാണ് രണ്ടാം അലോട്ട്‌മെന്റിലൂടെ പ്രവേശനം. 4064 പേർക്ക് ഉയർന്ന ഓപ്ഷനുകളിൽ പ്രവേശനം നേടി.
38,714 പേരായിരുന്നു അപേക്ഷകർ. 22,255 പേർ രണ്ട് മുഖ്യ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടി.
മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
ഇനിയും ഒഴിവുണ്ടെങ്കിൽ സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കും. വർദ്ധിപ്പിച്ച സീറ്റ് കൂടി ചേർത്താണ് അലോട്ട്മെന്റ് തുടങ്ങിയത്. എന്നിട്ടും 16,462 പേർ പുറത്താണ്. മുൻ വർഷങ്ങളിലെപ്പോലെ 10 ശതമാനം കൂടി കൂട്ടിയാലും ഒന്നുമാവില്ല. എയ്ഡഡ് സ്‌കൂളുകളും സീറ്റ് വർദ്ധന ഏറ്റെടുക്കാൻ തയാറായാലും നാലായിരത്തിപ്പരം പേർക്കേ അവസരം ലഭിക്കാനിടയുള്ളൂ. നിലവിലെ സാഹചര്യത്തിൽ 10,000 ത്തിലധികം പേർ മറ്റു പഠനമേഖലകളെ ആശ്രയിക്കേണ്ടിവരും.
ആറു വരെ പ്രവേശനം
പ്രവേശനം 6 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ കൃത്യസമയത്ത് രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. ഫീസും കരുതണം. ഒന്നാം അലോട്ട്‌മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയവർ സ്ഥിര പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.