cbi

കൊച്ചി : ലൈഫ് പദ്ധതിയിലെ കെട്ടിട നിർമ്മാണത്തിന്റെ കരാറെടുത്ത യൂണിടാക് സ്വതന്ത്ര ഏജൻസിയാണോയെന്നത് അന്വേഷിക്കണമെന്ന് സി.ബി.ഐ .

ലൈഫ് മിഷൻ കരാറിനെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിൽ നടന്ന വാദത്തിനിടെയാണ് സി.ബി.ഐ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. യൂണിടാകിന്റെ മറവിൽ വ്യാജ ഇടപാടുകളാണോ നടന്നതെന്ന് കണ്ടെത്തണം. റെഡ് ക്രസന്റും യൂണിടാകും തമ്മിലുണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷിക്കണം. കേസിൽ ബന്ധമുണ്ടെന്ന് കരുതുന്ന, ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥരാണ് മൂന്നാം സ്ഥാനത്തെ പ്രതികൾ. ഇതു ലൈഫ് മിഷൻ പദ്ധതിയുടെ സി.ഇ.ഒയാണെന്ന് പറഞ്ഞിട്ടില്ല. ആ നിലയ്ക്ക് ഹർജി നിലനിൽക്കില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.

അതേസമയം, തിരിച്ചറിയാത്ത ഉദ്യോഗസ്ഥർ എന്നു പറയുമ്പോൾ സി.ഇ.ഒയും അതിലുൾപ്പെടുമെന്ന് സർക്കാർ വാദിച്ചു. രേഖകൾ ഹാജരാക്കാൻ സി.ഇ.ഒയ്ക്കാണ് നോട്ടീസ് . സർക്കാർ ഏജൻസികളിലെ സീനിയർ ഉദ്യോഗസ്ഥരെ ഇത്തരത്തിൽ വിളിച്ചു വരുത്തുന്നത് അവരുടെ മനോവീര്യത്തെ തകർക്കുമെനനും സർക്കാർ വാദിച്ചു.എന്നാൽ, ഇൗ ഘട്ടത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി .