jyothis
ജ്യോതിസ് മേരി ജോർജ് മത്തായി

ആലുവ: ഓൺലൈൻ പ്ലാറ്റ്‌ഫോമായ കോഴ്‌സിറയിൽ വീണ്ടും റെക്കാർഡ് സൃഷ്ടിച്ച് മാറംപള്ളി എം.ഇ.എസ് കോളേജ്. രണ്ടാം വർഷ എം.കോം വിദ്യാർത്ഥിനി ജ്യോതിസ് മേരി ജോർജ് മത്തായി കോഴ്‌സിറയിൽ മൂന്ന് മാസത്തിനുള്ളിൽ പ്രമുഖ സർവകലാശാലകളിൽ നിന്നും വിവിധ കോഴ്‌സുകളിലായി 510 സർട്ടിഫിക്കറ്റുകൾ നേടി ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ചു.

കോളേജിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ കോഴ്‌സിറ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നു. 90 ദിവസത്തിനുള്ളിലാണ് ജ്യോതിസ് 510 സർട്ടിഫിക്കറ്റുകൾ നേടിയത്. യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം അംഗീകരിച്ച് ഏഷ്യൻ റെക്കോർഡ് സർട്ടിഫിക്കറ്റും നൽകി.

ചുണങ്ങംവേലി പൊക്കത്ത് വീട്ടിൽ ഐസെന്റെയും ഗ്രേസിയുടെയും മകളാണ് ജ്യോതിസ്.

രണ്ടാഴ്ച മുമ്പ് ഇതേ കോളേജിലെ ആരതി രഘുനാഥിന്റെ ലോക റെക്കോർഡ് നേട്ടത്തിന് പുറകെയാണ് ജ്യോതിസിന്റെ നേട്ടം.

ആരതി മൂന്ന് മാസം കൊണ്ട് 350 സർട്ടിഫിക്കറ്റുകൾ നേടിയതായി യൂണിവേഴ്സൽ റക്കാർഡ്സ് ഫോറത്തിന്റെ അംഗീകാരം ലഭിച്ചു. മുഴുവൻ കോഴ്സുകളുടെ കൂടി എണ്ണം ഉൾപ്പെടുത്തിയതോടെ ആതിര നേടിയ സർട്ടിഫിക്കറ്റുകളുടെ എണ്ണം 520 ആയി ഉയർന്നു. പുതിയ സർട്ടിഫിക്കറ്റും കഴിഞ്ഞ ദിവസം ആതിരക്ക് ലഭിച്ചു.