കൊച്ചി: കേരളത്തിലെ ക്രിസ്തീയസഭകൾ ഇന്ന് പ്രാർത്ഥനാദിനം ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, മന്ത്രിമാർ, ആരോഗ്യപ്രവർത്തകർ, സെക്രട്ടറിമാർ, പാലർമെന്ററി സംവിധാനങ്ങൾ, ജുഡീഷ്യറി, മാദ്ധ്യമങ്ങൾ തുടങ്ങിയവർക്കായി പ്രത്യേക പ്രാർത്ഥന നടത്തും. കേരളത്തിലെ 55 സഭകളിലെ മെത്രാപ്പൊലീത്തമാർ, പ്രസിഡന്റുമാർ, മറ്റ് നേതാക്കൾ വിശ്വാസികൾ എന്നിവർ പ്രാർത്ഥനായജ്ഞത്തിൽ പങ്കാളികളാകും. വൈകിട്ട് 3 മുതൽ 5 വരെ സൂം, യൂട്യൂബ് മീറ്റിംഗുകളായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധസഭകളെ പ്രതിനിധീകരിച്ച് ഫാ. ഡോ. മോഹൻ വി.പോൾ, ഫാ. സജി എബ്രഹാം, ഫാ. ഡോ. എം.വി. ഏലിയാസ്, പാസ്റ്റർ ജോയി സേവ്യർ, ഇവാഞ്ചലിസ്റ്റ് പി.ജെ.ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.