കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സമ്മേളനം ഇന്നും നാളെയും നടക്കും. രാജേന്ദ്ര മൈതാനത്തിന് സമീപം ഇന്ന് രാവിലെ 10ന് സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ പതാക ഉയർത്തും. തുടർന്ന് 14 ജില്ലാ കമ്മിറ്റികളുടേയും നേതൃത്വത്തിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 3ന് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ അദ്ധ്യക്ഷത വഹിക്കും.

4 ന് നടക്കുന്ന പ്രതിനിധിസമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനം ഡോ. ശൂരനാട് രാജശേഖരനും സമാപനസമ്മേളനം വി.ഡി. സതീശൻ എം.എൽഎയും ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ സ്വാഗതവും ട്രഷറർ എം.എസ്. ഗണേശ് നന്ദിയും പറയും.

നാളെ രാവിലെ 10ന് അന്തർദേശീയ സെമിനാർ ആരംഭിക്കും. ഇന്ത്യൻ എക്കണോമിക് അസോസിയേഷനുമായി ചേർന്ന് മൂന്ന് സെഷനുകളിലായി നടക്കുന്ന സെമിനാർ തുഷാർഗാന്ധി ഉദ്ഘാടനം ചെയ്യും. ഏകതാപരിഷത്ത് സ്ഥാപകൻ പി.വി. രാജഗോപാൽ, ഇന്ത്യൻ എക്കണോമിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. എസ്. മഹേന്ദ്രദേവ് , ജനറൽ സെകട്ടറി ഡോ. അനിൽകുമാർ താക്കൂർ, ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ , ഡോ. ബി.പി. ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിക്കും.