കൊച്ചി: കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകൻ ജോലി നഷ്ടമായതിന്റെ മനോവേദനയിൽ പട്ടിണി കിടന്ന് മരിച്ച സാഹചര്യത്തിൽ നിരാലംബരായ രക്ഷിതാക്കളെ സഹായിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോതമംഗലം നെല്ലിക്കുഴി പൂവത്തൂരിൽ അയ്യപ്പന്റെ സങ്കട സ്ഥിതിയിലാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇടപെട്ടത്. ജില്ലാ കളക്ടർ, സാമൂഹിക നീതി ഓഫീസർ, നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറി എന്നിവർ കുടുംബത്തിന്റെ അവസ്ഥ പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. 27 ന് കമ്മീഷൻ ഈ കേസ് പരിഗണിക്കും.

കളക്ഷൻ കുറവു വന്നതിന്റെ പേരിൽ അയ്യപ്പന്റെ മൂത്ത മകൻ ജിതിന് പെട്രോൾ പമ്പിലെ ജോലി നഷ്‌ടമായി. പമ്പ് മാനേജർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ അപമാനിതനായ യുവാവ് രണ്ടാഴ്ചയോളം പട്ടിണി കിടന്നു. അവശ നിലയിലായപ്പോൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ജിതിന്റെ അനിയൻ മൂകനും ബധിരനുമാണ്. അമ്മക്ക് കാഴ്ച ശക്തിയില്ല. പ്രായത്തിന്റെ അവശതകൾ മൂലം അച്ഛന് ജോലിക്ക് പോകാൻ കഴിയുന്നില്ല. 1400 രൂപയുടെ ക്ഷേമപെൻഷൻ മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. റേഷൻ കിട്ടിയില്ലെങ്കിൽ കുടുംബം പട്ടിണിയിലാവും. ഇവർക്ക് അടച്ചുറപ്പുള്ള വീടില്ല.