തൃപ്പൂണിത്തുറ: കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന തൃപ്പൂണിത്തുറയിലും ഉദയംപേരൂരിലും കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി) ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ ചികിത്സാകേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ ദൂരസ്ഥലങ്ങളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേയ്ക്കാണ് രോഗികളെ കൊണ്ടുപോകുന്നത്.ഈ കേന്ദ്രങ്ങളിലും രോഗികളുടെ എണ്ണം കൂടിവരികയാണ്.

തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്ത് ഒ.ഇ.എൻ കമ്പനിയിൽ നൂറു കിടക്കകളുള്ള ചികിത്സാ സെന്ററാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇത് ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇവിടെ ആവശ്യമായ ജീവനക്കാരെ ആരോഗ്യ വകുപ്പാണ് നിയമിക്കേണ്ടത്. സെന്റർ പ്രവർത്തനം ആരംഭിക്കണമെന്ന് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടതായി നഗരസഭ ചെയർപേഴ്‌സൺ ചന്ദ്രികാദേവി പറഞ്ഞു.

ഉദയംപേരൂർ പഞ്ചായത്തിലെ തീരദേശ മേഖലയിലടക്കം രോഗികളുടെ എണ്ണം കൂടി വരികയാണ്. ഇതിനകം അഞ്ചു പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെനിന്നുള്ള രോഗികളെയും കിഴക്കൻ മേഖലയിലെ ആശുപത്രികളിലാണ് കൊണ്ടുപോയത്. രോഗം ബാധിക്കുന്നത് സാധാരണക്കാരുടെ വീടുകളിലായതിനാൽ ഇവിടെ രോഗികൾക്ക് പ്രത്യേകശൗചാലയങ്ങൾ ഒരുക്കുവാനും കഴിയില്ല.

ഉദയംപേരൂരിൽ ന്യൂ ജനറേഷൻ ഓഡിറ്റോറിയത്തിൽ 50കിടക്കകളുള്ള സെന്ററാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് പ്രസിഡന്റ് ജോൺ ജേക്കബ് പറഞ്ഞു. മറ്റു നടപടികൾ ആരോഗ്യ വകുപ്പാണ് തീരുമാനിക്കുന്നത്. എന്നാൽ ഈ സെന്ററുകൾ എന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഇനിയും വ്യക്തമല്ല. എത്രയുംവേഗം ചികിത്സാകേന്ദ്രങ്ങൾ തുറക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.