കോതമംഗലം: കൊവിഡ് വ്യാപനം തടയുന്നതിനായി കർശന നടപടി സ്വീകരിച്ച് തഹസിൽദാർ .ജില്ലാ കളക്ടറുടെ നിർദേശാനുസരണം കോതമംഗലം താലൂക്ക് ഓഫീസിൽ ഇന്നലെ ചേർന്ന റവന്യൂ, പൊലീസ്, ഹെൽത്ത്, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരുടെ യോഗത്തിലാണ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ധാരണയായത്. ഇതിനായി താലൂക്ക് തലത്തിൽ സ്ക്വാഡ് രൂപീകരിച്ചു. കച്ചവട സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നവർ മാസ്ക്ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തണം. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുകയും ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ അറിയിച്ചു. വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാനായി മുനിസിപ്പൽ സെക്രട്ടറിക്ക് തഹസിൽദാർ നിർദേശം നൽകി.