കൊച്ചി: ഭൂമിയിലെ ഏതൊരു വ്യക്തിയുടെയും അവകാശമാണ് മാതൃഭൂമിയെന്നും അതാർക്കും നിഷേധിക്കരുതെന്നും മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ എ ഗാന്ധി പറഞ്ഞു. ദലൈലാമയുടെ ആത്മകഥ ഫ്രീഡം ഇൻ എക്‌സൈലിന്റെ മലയാള പരിഭാഷ 'സ്വാതന്ത്ര്യം രാജ്യഭ്രഷ്ടിൽ ' എന്ന കൃതി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മുംബയിലെ വസതിയിലിരുന്ന് ഓൺലൈനിലായിരുന്നു പ്രകാശനം.
സമാധാനത്തിന്റെയും അഹിംസയുടെ വലിയ പാഠങ്ങൾ ദലൈലാമയിൽനിന്ന് വരുംതലമുറയ്ക്കുപോലും പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തക പ്രകാശനത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് തിബത്ത് ദലൈ ലാമയെക്കുറിച്ച് ഹ്രസ്വ വീഡിയോയും പുറത്തിറക്കി. വീഡിയോയിൽ തുഷാർ ഗാന്ധിയുടെ പ്രസംഗവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായ ആർ.കെ. ബിജുരാജാണ് പുസ്തകത്തിന്റെ മലയാള മൊഴിമാറ്റം നിർവഹിച്ചത്. തെൻസിൻ സുൻന്ത്യു, സേതുദാസ്, ഷാനവാസ് എം.എ., ഷാജി ജോർജ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.