udl
ഏലൂരിലെ ഉദ്യോഗമണ്ഡൽ പോസ്റ്റ് ഓഫീസ്

കളമശേരി: എഫ്.എ.സി.ടി. എന്ന രാജ്യത്തെ ഒന്നാംനിര വളം നിർമ്മാണശാല സ്ഥിതി ചെയ്യുന്ന ഏലൂർ എന്ന പ്രസിദ്ധപ്രദേശം ഉദ്യോഗമണ്ഡലായി പരിണമിച്ചതിന് പിന്നിൽ ഒരു പോസ്റ്റൽ കഥയുണ്ട്. മുനിസിപ്പാലിറ്റി, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, ഹെൽത്ത് സെന്റർ, മൃഗാശുപത്രി, ഫെറി, തുടങ്ങി സകല സർക്കാർ സംവിധാനങ്ങളും ഏലൂർ എന്ന പേരിൽ തന്നെയാകുമ്പോൾ പോസ്റ്റ് ഓഫീസിന് മാത്രം എങ്ങിനെ ഉദ്യോഗമണ്ഡൽ എന്ന പേരു കിട്ടി.

ഹിന്ദിയിൽ ഉദ്യോഗമണ്ഡൽ എന്നാൽ വ്യവസായ കേന്ദ്രമെന്നർത്ഥം. കേരളത്തിലെ ഏറ്റവും വലിയ വ്യവസായശാലയായ ഫാക്ടിന്റെ ആസ്ഥാനമായതുകൊണ്ട് അങ്ങിനെ പേരുവന്നുവെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട.

ആന്ധ്രപ്രദേശിലും ഏലൂർ എന്നൊരു സ്ഥലമുണ്ട്. ഫാക്ടിൽ ജോലി ചെയ്തിരുന്നവർ കത്തിടപാടുകൾ നടത്തുമ്പോഴും മണി ഓർഡർ അയക്കുമ്പോഴും രണ്ടു സംസ്ഥാനങ്ങളിലെ ഒരേ സ്ഥലപ്പേര് ഗുലുമാലായി. കത്തുകളടക്കം വഴി മാറി സഞ്ചരിച്ചു. ആന്ധ്രക്കാരും മലയാളികളുമായ ജീവനക്കാരുടെ പരാതികൾ

ഒരുപാടായപ്പോൾ ഉണ്ടായ പരിഹാരമാണ് ഉദ്യോഗമണ്ഡൽ. ഫാക്ടിന്റെ ജീവാത്മാവും പരമാത്മാവുമായ എം.കെ.കെ.നായരുടെ സംഭാവനയാണ് ഈ പേരും. അതോടെ ഫാക്ട് ആസ്ഥാനം ഉദ്യോഗമണ്ഡൽ ഡിവിഷനും അമ്പലമേട് കമ്പനി കൊച്ചി ഡിവിഷനുമായി പരിണമിച്ചു. ഫാക്ടിന്റെ ഏലൂരിലെ അനുബന്ധ സ്ഥാപനങ്ങൾക്കെല്ലാം ഈ പേരാണ്. ഉദ്യോഗമണ്ഡൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, ഉദ്യോഗമണ്ഡൽ ക്ലബ്ബ്, ഉദ്യോഗമണ്ഡൽ കഥകളി സൊസൈറ്റി, ഉദ്യോഗമണ്ഡൽ തിയ്യറ്റർ എന്നിങ്ങനെ. ഉദ്യോഗമണ്ഡൽ വിജയകുമാർ എന്ന സംഗീത അദ്ധ്യാപകനുമുണ്ട്.

ഫാക്ട് നിർമ്മിച്ചു കൊടുത്ത കെട്ടിടത്തിലാണ് ഉദ്യോഗമണ്ഡൽ പോസ്റ്റാഫീസ് പ്രവർത്തിക്കുന്നത്. തുടക്കത്തിൽ കേരളത്തിലെ

'ഫൈവ് സ്റ്റാർ' പോസ്റ്റ് ഓഫീസ് ആയി​രുന്നു ഉദ്യോഗമണ്ഡൽ. ജീവനക്കാർക്ക് കുടുംബസമേതം താമസി​ക്കാനുള്ള സൗകര്യം വരെ ഇവി​ടെയുണ്ട്.