വൈപ്പിൻ : നായരമ്പലത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20,000 രൂപയും പാസ്‌പോർട്ടും മോഷ്ടിച്ചതായി പരാതി. പഴമ്പിള്ളി നന്ദു ഗോവിന്ദിന്റെ വീട്ടിൽ ഇന്നലെ രാവിലെ 10.30 ക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയിലാണ് മോഷണം നടന്നത്. വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല. അമ്മ സൗദാമിനി തൊഴിലുറപ്പ് ജോലിക്കും നന്ദുവും ഭാര്യയും അക്ഷയയിലും പോയിരിക്കുകയായിരുന്നു. സൗദാമിനി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. പണം അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നിലത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. പാചകം ചെയ്തുവെച്ചിരുന്ന ഭക്ഷണത്തിൽ മണ്ണെണ്ണ ഒഴിച്ചതായും റേഷൻകാർഡ് കുത്തഴിച്ചിട്ടിരുന്നതായും ഞാറക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.