dharna

ആലുവ: സർക്കാർ നിർദ്ദേശപ്രകാരം ടൗൺഹാൾ ബുക്കിംഗ് റദ്ദാക്കിയിട്ടും വാടക തിരിച്ചു നൽകാതെ കബളിപ്പിക്കുന്ന നഗരസഭ നടപടിക്കെതിരെ കൗൺസിലർമാർ ഗാന്ധിപ്രതിമക്ക് മുമ്പിൽ ധർണ നടത്തി. വാടക മടക്കിനൽകാതെ നഗരസഭ ജനങ്ങളെ വട്ടം കറക്കുന്നത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ തുടർന്നാണ് ജനപക്ഷ കൗൺസിലർമാരുടെ പ്രതിഷേധിച്ചത്.മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള എം.ജി, പ്രിയദർശിനി ടൗൺ ഹാളുകൾ ബുക്ക് ചെയ്തിരുന്ന 44 പേരെയാണ് നഗരസഭ വട്ടം കറക്കുന്നത്. ഇതിൽ 25 പേരുടെ പണം ജി.എസ്.ടി തുക കിഴിച്ചുള്ളത് നൽകാൻ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എന്നിട്ടും പണം നൽകാൻ നടപടിയുണ്ടായില്ല. വിരലിൽ എണ്ണാവുന്നവർക്ക് പണം കിട്ടിയെങ്കിലും ജി.എസ്.ടി തുക പിടിച്ചതിന്റെ പേരിലുള്ള അമർഷവും നിലനിൽക്കുന്നുണ്ട്. നേരത്തെ ജനപക്ഷ കൗൺസിലർമാരായ സെബി വി. ബാസ്റ്റ്യൻ, എ.സി. സന്തോഷ് കുമാർ, കെ.വി. സരള, കെ. ജയകുമാർ എന്നിവർ സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു.