palarivattom
പാലാരി​വട്ടം പാലം പൊളി​ച്ചു നീക്കുന്നു

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ സ്പാനുകൾ അറുത്തു മാറ്റുന്ന പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. ഇന്ന് വൈകീട്ടോടെ വിള്ളൽ വീണ15 സ്പാനുകളും പൊളിച്ചു തീരും. ഡയമണ്ട് വാൾ സോ കട്ടർ , ഡയമണ്ട് വയർ സോ കട്ടർ എന്നിവ ഉപയോഗിച്ചാണ് മുറിക്കൽ പണികൾ.

കഷണങ്ങളായി മുറിച്ച സ്പാനുകൾ ക്രെയിൻ ഉപയോഗിച്ച് താഴെയിറക്കും. ഇവ സൈറ്റിൽ വെച്ച് തന്നെ പൊടിച്ചാണ് മാറ്റുക.

സ്പാനുകൾക്കിടയിലുള്ള ഗർഡറുകൾ മുറിക്കുന്ന ജോലി ശനിയാഴ്ച തന്നെ തുടങ്ങുമെന്ന് പൊളിക്കൽ ജോലികൾക്ക് കരാർ ഏറ്റെടുത്തിരിക്കുന്ന പെരുമ്പാവൂർ എർത്ത് മൂവേഴ്സ് എം.ഡി.ജിന്റോ പൗലോസ് പറഞ്ഞു. 102 ഗർഡറുകളിൽ 9 എണ്ണമാണ് അറുത്തുമാറ്റുക. മദ്ധ്യഭാഗത്ത് പൊളിക്കുമ്പോൾ പാലത്തിനടിയിലൂടെയുള്ള ഗതാഗതം നിരോധിക്കും.

തൂണുകൾക്കു കാർബൺ ഫൈബർ റാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ബലം കൂട്ടാനുള്ള കോൺക്രീറ്റ് ജാക്കറ്റിംഗും പി.എസ്.സി. ഗർഡറുകളുടെ നിർമ്മാണവും പുരോഗമിക്കും. പിയർ ക്യാപുകൾ പൂർണമായും പൊളിച്ച് പുനർ നിർമ്മിക്കും. തൂണുകളുടെ അടിത്തറ ശക്തമാണ്.

# ഗർഡറുകളും സ്ലാബുകളും മുട്ടം യാർഡിൽ നിർമ്മിക്കും

ഡി എം.ആർ.സി.യുടെ മുട്ടത്തെ കാസ്റ്റിംഗ് യാർഡിലാണ് പി.എസ്.സി. ഗർഡറുകളും സ്ലാബുകളും നിർമ്മിക്കുന്നത്. ഇവയുടെ പ്രാരംഭ നിർമ്മാണ ജോലികളും ഇന്നലെ തുടങ്ങി.

ഡി.എം.ആർ.സി.യുടേയും ഊരാളുങ്കൽ സൊസൈറ്റിയുടേയും വിദഗ്ദ്ധ എൻജിനിയർമാർ ഉൾപ്പെടെ നാൽപതോളം തൊഴിലാളികൾ ഇവിടെയുണ്ട്. വരും ദിവസങ്ങളിൽ ഇവരുടെ എണ്ണം 60 ആക്കുമെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി ചീഫ് എൻജിനിയർ എ.പി.പ്രമോദ് പറഞ്ഞു.

ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല.

ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലാണ് ഡി.എം.ആർ.സി.യുടെ നേതൃത്വത്തിൽ പൊളിക്കൽ ജോലികൾ നടത്തുന്നത്. രാത്രിയിലാണ് കൂടുതൽ ജോലികൾ. പിന്നീട് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ കൊണ്ടുവരും

ജി. പൂങ്കുഴലി, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ