കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് റേ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി മേയർ സൗമിനി ജെയിൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സർക്കാർ ഏജൻസികൾ തന്നെ ഇതിന് കൂട്ടുനിൽക്കുന്നത് അപഹാസ്യമാണ്.എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഫോർട്ടുകൊച്ചി തുരുത്തി കോളനിയിലെ ഭവനപദ്ധതിയായ റേയുടെ കരാറുകാരന് സെക്യൂരിറ്റി തുക തിരിച്ചുനൽകിയത് .എന്ത് കാരണത്താലാണ് തനിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സർക്കാർ ഉത്തരവ് ഇറക്കിയതെന്ന് മനസിലാകുന്നില്ലെന്നും മേയർ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോർപ്പറേഷൻ വീഴ്ച വരുത്തിയെന്ന ആക്ഷേപം മേയർ നിഷേധിച്ചു. . ലോക്ക്ഡൗൺ സമയത്ത് തനത് ഫണ്ട് ഉപയോഗിച്ച് അഞ്ചു സമൂഹ അടുക്കളകൾ നടത്തിയതുൾപ്പെടെ നിരവധി പ്രവർത്തനങ്ങളിൽ പങ്കുചേർന്നുവെന്ന് മേയർ പറഞ്ഞു.ഡെപ്യൂട്ടി മേയർ കെ.ആർ പ്രേമകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം ഹാരിസ്, ജോൺസൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.