udl-po
ഉദ്യോഗമണ്ഡൽ പോസ്റ്റ് ഓഫീസ്

കളമശേരി: 'തപാൽ സ്റ്റാമ്പിൽ ആദ്യം ആദരിക്കപ്പെട്ട മലയാളി ശ്രീനാരായണ ഗുരുദേവനാണ്, മറ്റൊരു രാജ്യത്തെ തപാൽ സ്റ്റാമ്പിൽ ആദ്യമായിവന്ന മലയാളിയും ഗുരുദേവൻ തന്നെ. ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസും, ആദ്യ കേരളീയ കവിയായി കുമാരനാശാനും തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ചു. തപാൽ ദിനത്തിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന പേരുകൾ തന്നെ.

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾക്ക് ഒന്നു പ്രതികരിക്കണമെന്നു തോന്നുമ്പോൾ മുഷ്ടി ചുരുട്ടി രണ്ടു മുദ്രാവാക്യം വിളിക്കാനുള്ള ഇടം കൂടിയാണ് പോസ്റ്റ് ഓഫീസുകൾ.

കാലത്തിനനുസരിച്ച് കോലം കെട്ടി പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ് തപാൽ വകുപ്പ്. അച്ഛനപ്പൂപ്പന്മാരുടെ കാലത്ത് കണ്ടതും കേട്ടതൊന്നും ഒരു തപാലാപ്പീസിലുമില്ല. കുന്തത്തിൽ രാജമുദ്ര‌‌യുമായി മണി കെട്ടി തുകൽ സഞ്ചിയെടുത്ത് ഓടിയിരുന്ന അഞ്ചലോട്ടക്കാരൻ ന്യൂജെന് കോമഡിയായി തോന്നും. പിന്നീട് കുന്തം മാറി കഠാരയായി. വലുപ്പമേറിയ ചൂരൽ കാലൻ കുടയായി വീണ്ടും പരിണമിച്ചു. കാക്കി നിറമുള്ള ഗാന്ധിതൊപ്പി മാറ്റി, കാക്കി യൂണിഫോം പല നിറങ്ങളിലേക്ക് മാറ്റി പരീക്ഷിച്ചു. വീണ്ടും കാക്കിയിലെത്തി.

ടെലിഗ്രാം ,ടെലിപ്രിന്റർ, ടെലഫോൺ , പോസ്റ്റ്കാർഡ്, പോസ്റ്റ് കവർ ,ഇൻലന്റ്, മണി ഓർഡർ എന്നിവയിൽ പലതും വിസ്മൃതിയിലേക്ക് കടന്നുപോയി.

പ്രണയയും വിരഹവും സന്തോഷവും അക്ഷരങ്ങളായി എത്തുന്നതിനായി മണിക്കൂറുകളും ദിവസങ്ങളും കാത്തുനിന്ന ഗൃഹാതുര സ്മരണകൾ മുൻതലമുറകൾക്കുമുണ്ട്.

1974- 75 കാലഘട്ടത്തിൽ ഫാക്ട് സ്ക്കൂളുകളിലെ പരീഷാ ഫലം പത്തു പൈസയുടെ പോസ്റ്റ് കാർഡിലാണ് വിദ്യാർത്ഥികളുടെ വീടുകളിലേക്ക് അയച്ചിരുന്നത്. വീട്ടിലേക്ക് കാർഡ് പുറപ്പെടും മുമ്പ് തപാലാപ്പീസിനു മുന്നിൽ പോസ്റ്റ് മാനെയും കാത്ത് നിന്നവരും ഒരുപാടുണ്ട്.

തപാലാപ്പീസുകൾ ബാങ്കായി മാറുകയാണിപ്പോൾ. മുപ്പത് രൂപ കൊടുത്താൽ ഗംഗാജലം വരെ കിട്ടുന്ന പോസ്റ്റ് ഓഫീസുകളുണ്ട്.