tea-shop

ഏലൂർ ഫാക്ട് കവലയി​ൽ അരനൂറ്റാണ്ടായി​ രുചി​വി​ളമ്പുന്ന സീലോഡ് എന്ന് വി​ളി​പ്പേരുള്ള നാടൻ ചായക്കടയുടെ കഥ.

കളമശേരി: സാധാരണക്കാരുടെ സീലോർഡ് ആണ് മൂന്നു സഹോദരന്മാർ ചേർന്നു നടത്തുന്ന ഏലൂർ ഫാക്ട് കവലയ്ക്കടുത്തുള്ള നാടൻ ചായക്കട.

ഓല മേഞ്ഞ് മരപ്പലകയടിച്ചു മറച്ച് ബെഞ്ചും ഡെസ്ക്കും ചുവരിൽ സിനിമാ പോസ്റ്ററുകളുമുണ്ടായിരുന്ന ചായക്കട കാലചക്രമുരുണ്ടപ്പോൾ പരിഷ്കാരങ്ങൾ പലതും വന്നു.

കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന വാസു ചേട്ടൻ 53 വർഷം മുമ്പ് ബീഡി തെറുപ്പു കടയായി തുടങ്ങി പി​ന്നീട് ചായക്കടയായി മാറി. എഫ്.എ.സി.ടിയുടെ വളർച്ചയും തളർച്ചയും കണ്ടതാണ് ഈ കട.

ഫാക്ടിലെ പ്രമുഖ യൂണിയൻ ഓഫീസുകളുടെ സമീപമായതിനാൽ തൊഴിൽ പ്രശ്നങ്ങളും രാഷ്ടീയ ചർച്ചകളുമായി സദാ ചൂടിലായിരുന്നു ഇവിടം.

സുപ്രധാന രാഷ്ട്രീയപരവും തൊഴിൽ പരവുമായ തീരുമാനങ്ങൾ ഇവിടുത്തെ ബെഞ്ചിലിരുന്നു നേതാക്കൾ കൈക്കൊണ്ടിട്ടുണ്ട്. എസ്.സി.എസ്.മേനോൻ , പി.കെ.വാസുദേവൻ നായർ, ടി.പി.സേവിയർ, ഒ.കെ.കുമാരൻ തുടങ്ങി ട്രേഡ് യൂണി​യൻ രംഗത്തെ പ്രമുഖരി​ൽ പലരും ഈ കടയുടെ രുചി​ അറി​ഞ്ഞവരും പതി​വ് സന്ദർശകരുമായി​രുന്നു.

മുൻ എം.പി. കെ.ചന്ദ്രൻ പിള്ള ദി​നവും ഒരു കട്ടൻ ചായ ഇവി​ടെ നി​ന്ന് സേവി​ക്കും. നക്സലൈറ്റ് നേതാവായിരുന്ന കെ.വേണു, മാത്യൂ മുരിക്കൻ, ബി.രവീന്ദ്രനാഥ്, മുരളി, രണദിവെ , ടി.ജെ.വർഗീസ്, എം.എ.ബേബി, എസ്.ശർമ്മ , എം.ഒ.ജോൺ, പി.രാജീവ്, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്, ഹരിശ്രീ അശോകൻ, മെക്കാർട്ടിൻ , നാദി​ർഷ, ധർമ്മജൻ ബോൾഗാട്ടി, ജെ.പള്ളാശേരി, ബാബു പള്ളാശേരി, സുരാജ് വെഞ്ഞാറമൂട്, തുടങ്ങി അറിയപ്പെടുന്ന നി​രവധി​ പേർ സീലോർഡിലെ ചായയുടെ രുചി അറിഞ്ഞിട്ടുണ്ട്. ഇരിപ്പിടം കുറവായതിനാൽ ഏറെ പേരും നില്പനടിക്കും. ഉച്ചയ്ക്ക് ചൂടൻ കഞ്ഞിയും തൊട്ടുകൂട്ടാൻ അച്ചാറും പയറും പപ്പടവും ചെമ്മീൻ ചമ്മന്തിയും 30 രൂപയ്ക്കു കിട്ടും.

വാസു ചേട്ടന്റെ മരണത്തെ തുടർന്ന് നടത്തിപ്പ് മക്കളിലേക്കെത്തി. അമ്മയും മക്കളായ പൊന്നനും മണി ലാലും പ്രകാശനും ഒത്തു പിടിച്ച് കട മുന്നോട്ടു കൊണ്ടുപോയി. നാല് സഹോദരിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. മൂന്നു സഹോദരങ്ങളും മൂന്നു കുടുംബമായി മാറിയെങ്കിലും പണപെട്ടി ഒന്നു തന്നെ. അപൂർവമായ ഐക്യം. മൂവരും നാട്ടുകാർക്കും പ്രിയപ്പെട്ടവർ.

അരനൂറ്റാണ്ട് മുമ്പ് തുടക്കം കുറി​ച്ച കടയ്ക്ക് നാട്ടുകാർ ഇട്ട പേരാണ് സീർലോഡ്. എറണാകുളം ഷണ്മുഖം റോഡി​ലെ അന്നും ഇന്നും പ്രശസ്തമായ ഹോട്ടലാണ് സീലോർഡ്. അക്കാലത്ത് ആഡംബരത്തി​ന്റെ അവസാന വാക്ക്.