പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിനായി 740 ലക്ഷം രൂപക്കുള്ള ഭരണാനുമതി ലഭിച്ചതായി വി.ഡി.സതീശൻ എം.എൽ.എ അറിയിച്ചു. നബാർഡിന്റെ ധനസഹായത്തോടെ നിർമ്മാണം. തോന്ന്യകാവ് - കണ്ണൻചിറ റോഡിൽ അമേപ്പറമ്പ് കവലയിൽ നിന്നും കാളികുളങ്ങര ക്ഷേമോദയം വഴി പുലിപ്ര കവല വരെയും. ഏഴിക്കര-കൈതാരം റോഡിൽ വിളമ്പാരി - കൊച്ചമ്പലം ജംഗ്‌ഷൻ - മുള്ളായപ്പിള്ളി – പഴങ്ങാട്ടുവെളി ജംഗ്‌ഷൻ -തൃക്കപുരം കമ്യുണിറ്റി ഹാൾ വരെയും. ചെറിയപ്പിള്ളി എസ്.എൻ.ഡി.പി. കവല മുതൽ തോന്ന്യകാവ് തൃക്കപുരം റോഡിൽ കൈതാരം പഴയ പോസ്റ്റ് ഓഫീസ് വരെയുള്ള എസ്.എൻ.ഡി.പി ചെറിയപ്പിള്ളി റോഡും വീതി കുട്ടി ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി. ടാറിംഗ് നടത്തുന്നതിനും വേണ്ടിയാണ് 490 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചത്. 2018 ലെ പ്രളയത്തിൽ പറവൂരിനെ വൈപ്പിൻ കരയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ പറവൂർ - ചെറായി റോഡിൽ പെരുമ്പടന്ന പാലം മുതൽ ചെറായി പാലം വരെയുള്ള ഭാഗത്ത് വെള്ളം കയറി റോഡിൽ വിള്ളൽ രൂപപ്പെടുകയും പല ഭാഗങ്ങളും താഴ്ന്ന് പോകുകയും ചെയ്തതിനെ തുടർന്ന് ഈ ഭാഗത്തുള്ള റോഡ് ബലപ്പെടുത്തി കെ.എം.കെ. കവല മുതൽ ചെറായി പാലം വരെയുള്ള ഭാഗം ബി.എം ആൻഡ് ബി.സി.ടാറിംഗ് നടത്തുന്നതിനു വേണ്ടി സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് 250 ലക്ഷം രൂപക്കുള്ള ഭരണാനുമതി ലഭിച്ചത്. സാങ്കേതികാനുമതി ലഭിച്ച ശേഷം ടെണ്ടർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണം ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.