പറവൂർ: വടക്കേക്കര പ്രദേശത്ത് റെഡ് ലേഡി പപ്പായ കൃഷി സജീവമാക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. ഇതിനായി 6000 പപ്പായ തൈകളാണ് വിതരണം ചെയ്തത്. വിവിധ വാർഡുകളിൽ പുരുഷ, വനിത ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വ്യാവസായിക അടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്. വേഗത്തിൽ വളരുകയും തുടർച്ചയായി കായ്ക്കുകയും ചെയ്യുന്നു എന്നതാണ് റെഡ് ലേഡിയുടെ സവിശേഷത. നട്ടു കഴിഞ്ഞ് ഏട്ട് മാസത്തിനുള്ളിൽ ഫലം പാകുമാകും. ഫലങ്ങൾ പറിച്ചു കഴിഞ്ഞാലും രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കും. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഒരു കോടി ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെഡ് ലേഡി പപ്പായ തൈകൾ വിതരണം ചെയ്തത്. മടപ്ലാത്തുരുത്ത് ഒമ്പതാം വാർഡിൽ സ്മൈൽ കൃഷി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ തൈ നട്ടു പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു.