ആലുവ: നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ പൃഥ്വിരാജിന്റെ യഥാർത്ഥ മരണ കാരണം കണ്ടെത്തണമെന്നും കുറ്റക്കാരായ ഡോക്ടർമാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് കടുങ്ങല്ലൂർ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം നെല്ലേറ്റിൽ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ നന്ദിനിയും ബന്ധുക്കളും ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയിരുന്ന അനിശ്ചിതകാല സത്യാഗ്രഹം താത്കാലികമായി അവസാനിപ്പിച്ചു.
സംസ്ഥാന പട്ടികജാതി വകുപ്പ് ഇടപെട്ടതും കൊവിഡ് വ്യാപന പശ്ചാത്തലത്തിലുമാണ് സമരം താത്കാലികമായി നിറുത്തുന്നതെന്ന് പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിൽ കൺവീനർ സുനിൽ സി. കുട്ടപ്പൻ 'കേരളകൗമുദി ഫ്ളാഷ്'നോട് പറഞ്ഞു. സർക്കാർ നിയോഗിച്ചിട്ടുള്ള മെഡിക്കൽ ബോർഡിൽ ആക്ഷൻ കൗൺസിൽ ശുപാർശ ചെയ്യുന്നയാളെ ഉൾപ്പെടുത്തുന്നതിന് ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ നിഷേധിക്കപ്പെട്ട പൃഥ്വിരാജ് ആഗസ്റ്റ് രണ്ടിന് പുലർച്ചെയാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ രണ്ട് നാണയങ്ങൾ കണ്ടെടുത്തെങ്കിലും മരണകാരണം നാണയമല്ലെന്ന് സൂചിപ്പിച്ചിരുന്നു. ആന്തരീകാവയവങ്ങളുടെ പരിശോധനയിൽ ശ്വാസംമുട്ടാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കുറ്റക്കാരെ രക്ഷിക്കാനാണെന്ന് ആരോപിച്ചാണ് മാതാവും ബന്ധുക്കളും സമരമാരംഭിച്ചത്.
എസ്.സി- എസ്.ടി വകുപ്പ് ഡയറക്ടർ പി.വൈ. ശ്രീവിദ്യയുടെ നിർദേശാനുസരണം സമരകേന്ദ്രത്തിലെത്തിയ പട്ടികജാതി-പട്ടികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് ജോൺ വിഷയത്തിൽ അനുകൂലമായി ഇടപെടാമെന്ന് നന്ദിനിക്കും ബന്ധുക്കൾക്കും ഉറപ്പ് നൽകി. അൻവർ സാദത്ത് എം.എൽ.എ, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. പട്ടികജാതി പീഡന വിരുദ്ധ നിയമത്തിന്റെ പൂർണമായ സംരക്ഷണം ഉറപ്പാക്കും, നന്ദിനിക്ക് പട്ടികജാതി-പട്ടികവർഗ വകുപ്പിൽ താൽക്കാലിക നിയമനത്തിന് നടപടിയെടുക്കും, ലൈഫ് പദ്ധതിയിൽപ്പെടുത്തിയോ അല്ലാതെയോ വീട് നൽകാൻ നടപടിയെടുക്കും, കുട്ടിയുടെ ചികിത്സക്ക് ചെലവായ തുക വകുപ്പ് നൽകും എന്നീ കാര്യങ്ങളിലാണ് ധാരണയായത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ എന്നിവരും ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുത്തു.