
പെരുമ്പാവൂർ: ഇനി ഒരു മാസത്തെ കാത്തിരിപ്പ്. ആനപ്പിണ്ടത്തിൽ നിന്ന് നിർമ്മിക്കുന്ന കേരളത്തിന്റെ സ്വന്തം ജൈവവളം കേരളപ്പിറവിദിനത്തിൽ വിപണിയിലെത്തും. രാജ്യത്ത് ആദ്യമായാണ് ആനപ്പിണ്ടത്തിൽ നിന്നും വളം നിർമ്മിക്കുന്നത്. കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രത്തിന്റേതാണ് പദ്ധതി. വളം നിർമ്മാണ പ്ലാന്റിന്റെ ഉദ്ഘാടനം ഈ ആഴ്ചയോടെ നടക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഉദ്ഘാടനം നീളുകയായിരുന്നു. അതേസമയം, ഇക്കോ ടൂറിസം കേന്ദ്രത്തിലെ മാനുകളുടെ വിസർജ്യത്തിൽ നിന്നും പ്രകൃതിവാതകം നിർമ്മിക്കുന്ന പ്ലാന്റിന്റേയും ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപയും ശുചിത്വമിഷന്റെ ഗോബർദ്ധൻ പദ്ധതിയിൽ അനുവദിച്ച നാല് ലക്ഷവും ഉൾപ്പടെ 19 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പെരിയാറിന്റെ തീരത്തുള്ള 250 ഏക്കറിലാണ് അഭയാരണ്യം ഇക്കോ ടൂറിസം സെന്റർ. ആറ് ആനകളും 300 മാനുകളുമാണ് ഇവിടെയുള്ളത്. തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി പെരിയാറിനു മറുകരയിലാണ്. ലക്ഷക്കണക്കിനു വിനോദ സഞ്ചാരികളാണ് വർഷംതോറും ഇവിടെ എത്തുന്നത്. ആനപ്പിണ്ടം സംസ്‌കരിക്കുന്നതിനു തുമ്പൂർമുഴി മാതൃകയിൽ 10 എയറോബിക് കംപോസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ആനപ്പിണ്ടം യന്ത്ര സഹായത്തോടെ ചെറിയ കഷണങ്ങളാക്കി കംപോസ്റ്റ് ബിന്നിൽ നിക്ഷേപിക്കും. തുടർന്ന് ആന മൂത്രവും ബാക്ടീരിയയും ചേർന്ന വെള്ളം തളിക്കും. നിറച്ചുവച്ച ബിന്നിലെ പിണ്ടം ഏതാനും ദിവസം കഴിയുമ്പോൾ ബാക്ടീരിയയുടെ പ്രവർത്തനത്താൽ പൊടിഞ്ഞു ജൈവവളമായി മാറും. ഇത് അരിച്ചെടുത്തു പായ്ക്കറ്റുകളിലാക്കി കുറഞ്ഞ വിലയ്ക്കു കർഷകർക്കു നൽകും. വളത്തിൽ 48 ശതമാനം ജൈവാംശമാണുള്ളത്.
മാനുകളുടെ വിസർജ്യം സംസ്‌കരിക്കാൻ രണ്ട് ഫ്‌ലോട്ടിംഗ് ഡോം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 100 കിലോഗ്രാം മാലിന്യം ഓരോന്നിലും നിക്ഷേപിക്കാം. ദിവസം നാല് കിലോഗ്രാം പാചക വാതകം നിർമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആനകൾക്ക് ആഹാരം പാചകം ചെയ്യാൻ ഈ പാചകവാതകം ഉപയോഗിക്കാനാകും.കോടനാട് ആന പരിശീലന കേന്ദ്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നാളുകളായി പരിഹരിക്കാൻ കഴിയാത്ത മാലിന്യപ്രശ്‌നത്തിന് പരിഹാരമാകും.സോഷ്യോ എക്കണോമിക് ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർമാണ ചുമതല വഹിച്ചത്. കപ്രിക്കാട് വനം സംരക്ഷണ സമിതിക്കാണ മേൽനോട്ടം.50,100 കിലോ ഗ്രാം പാക്കറ്റുകളാണ് ആനപ്പിണ്ടം വളം വിപണയിൽ എത്തിക്കുന്നത്. വില തീരുമാനിച്ചിട്ടില്ല. ന്യായമായ വിലയായിരിക്കും ഈടാക്കുക. വളം കൃഷിഭവനുകൾ വഴി വിതരണം ചെയ്യും.