ആലുവ: രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സമരം നടത്തുന്നതിനിടെ ആലുവയിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട മന്ത്രി കെ.ടി. ജലീലിന്റെ സ്വകാര്യ സന്ദർശനം. നഗരഹൃദയത്തിൽ മന്ത്രി ഇത്രയധികം സമയം ചെലവഴിച്ചിട്ടും പ്രതിപക്ഷ സംഘടനകൾ അറിയാതിരുന്നത് പൊലീസിനും ആശ്വാസമായി.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരമുതൽ വൈകിട്ട് അഞ്ചുമണി വരെ ബൈപ്പാസിൽ കോഡർ ലൈനിൽ ഡോ.കെ.കെ. ഉസ്മാന്റെ വീട്ടിലാണ് മന്ത്രി ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോകുമ്പോൾ ഉച്ചഭക്ഷണം കഴിക്കുന്നതിനും ഓൺലൈൻ യോഗത്തിൽ സംബന്ധിക്കുന്നതിനുമാണ് മന്ത്രി ഇവിടെയെത്തിയത്. ബൈപ്പാസിൽനിന്ന് പെരിയാറിന്റെ തീരത്തേക്കുള്ള ഇടറോഡ് ആയതിനാൽ ആരെങ്കിലും വഴിയിൽ പ്രതിഷേധവുമായി എത്തിയാൽ മന്ത്രിയെ പുറത്തുകടത്തുന്നതിന് പൊലീസിന് ഏറെ പ്രയാസമാകുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് മന്ത്രിയുടെ സന്ദർശനവിവരം പൊലീസ് രഹസ്യമാക്കി.

സുരക്ഷയുടെ ഭാഗമായി ദേശീയപാതയിലേക്ക് മാറ്റി പാർക്കുചെയ്ത ബസിൽ തന്നെ ക്യാമ്പിൽ നിന്നെത്തിയ പൊലീസുകാരെ ഇരുത്തി. ദേശീയപാതവഴി പോകുന്നവർ ശ്രദ്ധിക്കാതിരിക്കാൻ പൊലീസ് ജീപ്പുകൾ കോഡർറോഡിലേക്ക് കൂടുതൽ നീക്കിയും പാർക്ക് ചെയ്യുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മന്ത്രി സ്ഥലം വിട്ടപ്പോഴാണ് പൊലീസിന് ആശ്വാസമായത്.