
കൊച്ചി: മനസുണ്ടെങ്കിൽ ഏതുമട്ടുപ്പാവും ഹരിതാഭമാക്കാം. സ്ഥലവും സമയവും പ്രശ്നമേയല്ല. ഒരു വീട്ടിലേക്ക് ആവശ്യമായ മുഴുവൻ പച്ചക്കറിയും ഫലവർഗങ്ങളും മാത്രമല്ല, അത്യാവശ്യത്തിന് പച്ചമരുന്നുകളും കോഴിമുട്ടയും മത്സ്യവുമൊക്കെ മട്ടുപ്പാവിൽ വിളയിക്കുന്ന എറണാകുളം തമ്മനം സ്വദേശിയും കെ.എസ്.ഇ.ബിയിൽ സീനിയർ സൂപ്രണ്ടുമായ ഷൈജു കേളന്തറയുടെ അനുഭവസാക്ഷ്യമാണിത്.എട്ടുവർഷത്തോളമായി കേളന്തറ വീട്ടിലേക്ക് ആവശ്യമായ മുഴുവൻ പച്ചക്കറിയും ടെറസ് കൃഷിയിൽ നിന്നാണ് എടുക്കുന്നത്. പച്ചക്കറി വിഭാഗത്തിൽ 12 ഇനം ചീരകൾ, 7 ഇനം മുളകുവർഗങ്ങൾ, വെണ്ട, തക്കാളി, കാബേജ്, പാവൽ, പടവലം, കുമ്പളം, അമര, കിഴങ്ങുവർഗങ്ങളിൽ ചേന, ചേമ്പ്, കപ്പ, കാച്ചിൽ, കൂർക്ക ഫലവർഗത്തിൽ പ്ലാവ്, മാവ്, നെല്ലി, പേര, സപ്പോർട്ട, ഞാവൽ, അമ്പഴം, മാതളം, ഓറഞ്ച്, ചെറുനാരകം, ഔഷധ സസ്യങ്ങളിൽ കറ്റാർവാഴ, ആര്യവേപ്പ്, ആടലോടകം, കരിനൊച്ചി, രാമച്ചം, പനികൂർക്ക, തുളസി, പൊതിന, കച്ചോലം തുടങ്ങിയ നാടൻ ഇനങ്ങളും കൊളവിവിഷത്തിനും തീപ്പൊള്ളലിനും മറുമരുന്നായിട്ടുള്ള വിദേശസസ്യങ്ങളും കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കരിമഞ്ഞൾ തുടങ്ങി സുഗന്ധവ്യഞ്ജനങ്ങളുമൊക്കെയായി സസ്യസമ്പുഷ്ടമാണ് ഷൈജുവിന്റെ ഉദ്യാനം.
800 ചതുരശ്ര അടി വിസ്തീർണത്തിൽ അതിവിദഗ്ധമായ ആസൂത്രണത്തോടെ രൂപകൽപ്പനചെയ്തിരിക്കുന്ന തോട്ടത്തിൽ മുട്ടക്കോഴി, താറാവ്, കാട, മത്സ്യം എന്നിവയും സന്തുഷ്ടരായി വളരുന്നുണ്ട്. ഇവരിൽ നിന്ന് 5 കോഴിമുട്ടകളും നാല് കാടമുട്ടയും രണ്ട് താറാവ് മുട്ടയും നിത്യേനലഭിക്കും.കെ.എസ്.ഇ.ബി യിലെ ഔദ്യോഗിക തിരക്കുകൾക്ക് പുറമെ പാട്ട് എഴുത്തും പുസ്തകരചനയും സംഘടനാ പ്രവർത്തനവുമൊക്കെയായി മുഴുവൻ സമയവും കർമനിരതനാണ് ഷൈജു. എന്നാലും മട്ടുപ്പാവിലെ പച്ചക്കറി കൃഷിക്ക് അതൊന്നും ഒരുതടസമല്ല. രാത്രി എത്ര വൈകിയാലും വീട്ടിലെത്തിയശേഷം മട്ടുപ്പാവ് സന്ദർശിക്കാതെ ഉറങ്ങാറില്ല. ചെടികൾക്കും മരങ്ങൾക്കും കൃത്യമായ ഇടവേളകളിൽ വളവും വെള്ളവും മറ്റ് പരിചരണങ്ങളും നൽകും. കോഴിക്കൂടും മത്സ്യം വളർത്തുന്ന ടാങ്കും വൃത്തിയാക്കും. ചെടികളുടെ പോഷണത്തിന് ആവശ്യമായ കമ്പോസ്റ്റ് വളങ്ങളും ജൈവകീടനാശിനികളും ഷൈജു സ്വയം തയ്യാറാക്കുകയാണ് ചെയ്യുന്നത്. നിത്യപരിചരണത്തിന്റെ ഊർജവും ഉന്മേഷവും സസ്യങ്ങളിലും പ്രകടമാണ്. ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ ഭാര്യ സുനിതയും മൂന്നുമക്കളും മട്ടുപ്പാവ് കൃഷിയിൽ ഷൈജുവിനൊപ്പമുണ്ട്. 800 ചതുരശ്ര അടിമാത്രം വീസ്തീർണമുള്ള ടെറസിൽ ഇത്രയധികം സസ്യജന്തുജാലങ്ങളെ പരിപാലിക്കുന്നതിന്റെ പ്രായോഗികത എന്താണെന്ന് ചോദിച്ചാൽ ഷൈജുവും കുടുബവും ഐകകണ്ഠേന പറയും, മനസ്! മനസുമാത്രംമതി ആർക്കും അനായാസം ചെയ്യാവുന്ന പുത്തൻ കാർഷികസംസ്കൃതിയാണ് മട്ടുപ്പാവ് കൃഷി.