
കൊച്ചി: പൊതുവാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനുള്ള നടപടികൾ വ്യക്തമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഏതൊക്കെ വിഭാഗം വാഹനങ്ങൾക്കാണ് ഉപകരണം ഘടിപ്പിക്കാൻ സമയം നീട്ടിനൽകിയതെന്ന് വ്യക്തമാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശം നൽകിയത്. പൊതു ഗതാഗതത്തിനുള്ള എല്ലാ വാഹനങ്ങളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കണമെന്നും ഇതിൽ ഇളവുനൽകരുതെന്നും ആവശ്യപ്പെട്ട് റോഡ് ആക്സിഡന്റ് ഫോറം ഉപദേശക സമിതിഅംഗം ജാഫർഖാൻ നൽകിയ ഹർജിയിലാണ് ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
മോട്ടോർവാഹന നിയമപ്രകാരം ഇത്തരം ഉപകരണം ഘടിപ്പിക്കുന്നത് 2018ൽ നിർബന്ധമാക്കിയെങ്കിലും 2018 ഡിസംബർ 31വരെ ഇളവു നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. പിന്നീട് ഇക്കാര്യത്തിൽ തീയതി നീട്ടിനൽകാൻ സംസ്ഥാന സർക്കാരുകൾക്ക് ചുമതല നൽകി. തുടർന്ന് സംസ്ഥാന സർക്കാർ പൊതുവാഹനങ്ങളെ ആറു കാറ്റഗറികളാക്കി തിരിച്ച് ഒാരോ കാറ്റഗറിക്കും ഇതു ഘടിപ്പിക്കാനുള്ള സമയം നിശ്ചയിച്ച് 2019 നവംബർ 28ന് ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ, 13 സീറ്റുകൾക്കു മുകളിലുള്ള കോൺട്രാക്ട് കാര്യേജുകൾ, കെ.എസ്.ആർ.ടി.സി ബസുകൾ, മറ്റു ബസുകൾ, ചരക്കു വാഹനങ്ങൾ, ഒാൺലൈൻ ടാക്സികൾ എന്നിങ്ങനെയാണ് തരംതിരിച്ചത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണം ഘടിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കിയെന്ന് സർക്കാർ വിശദീകരിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിൽ ഉപകരണം ഘടിപ്പിക്കുന്നതിനുള്ള തീയതി അടുത്ത ഡിസംബർ 31വരെ നീട്ടിനൽകിയിട്ടുണ്ട്.