കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നിട്ടില്ലെങ്കിലും യു.ഡി.എഫിലെ സ്ഥാനാർത്ഥിമോഹികൾ കളത്തിലിറങ്ങിക്കഴിഞ്ഞു . ഭൂരിഭാഗം കൗൺസിലർമാരും സീറ്റ് ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് .എന്നാൽ വനിതകൾക്കായി സീറ്റ് വിട്ടു കൊടുക്കേണ്ടി വന്നവർ അനുയോജ്യമായ ഡിവിഷൻ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ്. തൊട്ടടുത്ത ഡിവിഷനുകളിലേക്കാണ് പലരുടേയും കണ്ണ്. അവിടെ ഇടം കിട്ടാത്തവർ വിജയസാദ്ധ്യതയുള്ള സീറ്റിനു വേണ്ടിയുള്ള ചരടുവലികളും തുടങ്ങിയിട്ടുണ്ട്. ഒരു ഡിവിഷൻ, മത്സരിക്കാൻ നിരവധി പേർ എന്നതാണ് നിലവിലെ അവസ്ഥ. തിരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി യു.ഡി.എഫ് ഇതുവരെ ഒരു യോഗം പോലും ചേർന്നിട്ടില്ലെങ്കിലും ഡിവിഷനുകളിൽ സ്ഥാനാർത്ഥികൾ സജീവമാണ്. നേതാക്കളുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് പലരും പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. അതസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിവിഷൻ തലത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാർട്ടി നേതൃത്വം തീരുമാനമെടുക്കുമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പറയുന്നു
മത്സരത്തിനില്ലെന്ന് മേയർ
വിജയം ഉറപ്പാണെങ്കിലും ഇത്തവണ മത്സരത്തിനില്ലെന്ന നിലപാടിലാണ് മേയർ സൗമിനി ജെയിൻ. ഉയർന്ന പദവിയിലിരുന്ന ശേഷം കൗൺസിലറാകാൻ താത്പര്യമില്ലാത്തതാണ് പിൻമാറ്റത്തിന് കാരണമായി
മേയർ പക്ഷക്കാർ പറയുന്നത്. അതേസമയം സ്ഥാനം ഒഴിയണമെന്ന ജില്ല യു.ഡി .എഫ് നേതൃത്വത്തിന്റെ നിർദേശം അനുസരിക്കാൻ വിസമ്മതിച്ച എ ഗ്രൂപ്പുകാരിയായ സൗമിനിയോട് ഐ പക്ഷത്തെ നേതാക്കൾക്ക് ഇപ്പോഴും അതൃപ്തിയുണ്ട്. എ വിഭാഗത്തിലും അവർക്ക് കാര്യമായ സ്വാധീനമില്ല.
സീറ്റ് ഉറപ്പിച്ച്
എൻ.വേണുഗോപാൽ
ജി.സി.ഡി.എ മുൻ ചെയർമാനായിരുന്ന എൻ.വേണുഗോപാൽ ഇത്തവണ ഐലൻഡിലെ സ്ഥാനാർത്ഥിയാകാനുള്ള ഒരുക്കത്തിലാണ്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ മേയറാകാമെന്ന കണക്കുകൂട്ടിലാണ് മുതിർന്ന കോൺഗ്രസ് നേതാവായ ഇദ്ദേഹം അങ്കത്തിനിറങ്ങുന്നത്. ഐലൻഡിൽ 300 വോട്ടർമാരാണുള്ളത്
സുധ ദിലീപ്‌കുമാറും കളംവിടും
ജനറൽ സീറ്റായിരുന്ന എറണാകുളം സെൻട്രലിൽ ( ഡിവിഷൻ 66) നിന്ന് വിജയിച്ച ബി.ജെ.പി കൗൺസിലർ സുധ ദിലീപ് കുമാർ ഇത്തവണ മത്സരരംഗത്ത് നിന്ന് പിൻമാറിയേക്കും. പാർട്ടിയുമായുള്ള അഭിപ്രായ വത്യാസങ്ങളെ തുടർന്നാണ് ഇവർ വിട്ടു നിൽക്കുന്നതെന്ന് സൂചനയുണ്ട്. ഇത്തവണ ഇത് വനിത സംവരണ ഡിവിഷനാണ്.
വിലപേശലുമായി ഡെപ്യൂട്ടി മേയർ
പെരുമ്പടപ്പ് സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരത്തിനില്ലെന്നാണ് ഡെപ്യട്ടി മേയർ കെ.ആർ.പ്രേമകുമാറിന്റെ തീരുമാനം. ഇക്കാര്യം ഇദ്ദേഹം നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട് നിലവിലെ സീറ്റായ കോണം ഡിവിഷൻ വനിത സംവരണമായതിനാൽ തന്റെ മുൻ മണ്ഡലമായ പെരുമ്പടപ്പിൽ മത്സരിക്കാനാണ് പ്രേമന്റെ തീരുമാനം. എൽ.ഡി.എഫിന്റെ കോട്ടയായ പെരുമ്പടപ്പിൽ നിന്ന് 2010ൽ ഇദ്ദേഹം വിജയിച്ചിരുന്നു.കെ.വി.പി.കൃഷ്ണകുമാർ, എ.ബി.സാബു, പി.ഡി.മാർട്ടിൻ, പി.എം.ഹാരിസ് ,എം.ബി.മുരളീധരൻ,ആന്റണി പൈനൂത്തുറ തുടങ്ങി യു.ഡി.എഫിലെ പ്രമുഖ കൗൺസിലർമാർ വനിത സംവരണമായതിനാൽ സീറ്റ് നഷ്‌ടപ്പെട്ടവരുടെ പട്ടികയിലുണ്ട്.