school

കോലഞ്ചേരി : കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാ​റ്റുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 3.28 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികളുള്ള രണ്ടാമത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനമാണ് കടയിരുപ്പ് സ്‌കൂൾ. കിഫ്ബിയിൽ നിന്നുള്ള മൂന്ന് കോടിരൂപ ധനസഹായത്തോടെയാണ് ഉന്നതനിലവാരത്തിലുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

സംസഥാനതലത്തിൽ നടന്ന 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്റി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. മന്ത്റി ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി.
കടയിരുപ്പ് സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി.വി.പി സജീന്ദ്രൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാജു , സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേ​റ്റർ ഡാൽമിയ തങ്കപ്പൻ, സ്വാഗത സംഘം ചെയർമാൻ ബിജു ജേക്കബ്, പി.ടി.എ പ്രസിഡന്റ് എം.കെ മനോജ്, തുടങ്ങിയവർ സംസാരിച്ചു.