തൃക്കാക്കര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുടിക്കുക നവമാദ്ധ്യമങ്ങളായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ എതിർ സ്ഥാനാർത്ഥിയേയും മുന്നണിയേയും വിറപ്പിക്കാൻ സോഷ്യൽമീഡയയിൽ ഏത് അടവ് പയറ്റും? ഇങ്ങനെ ചോദിച്ചാൽ വെർച്വൽ റാലിയെന്നാവും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ നൽകുന്ന ഉത്തരം.പരമ്പരാഗത രീതികളിൽ പലതും ഇക്കുറി പ്രായോഗികമല്ല. വീടുകളിൽ സ്ക്വാഡ് പ്രവർത്തനവും കുടുംബയോഗവും നോട്ടീസ് വിതരണവും വോട്ടർമാർക്ക് ഇഷ്ടപ്പെടണമെന്നില്ല.റാലികൾക്കും പൊതുയോഗങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. പതിവ് തന്ത്രങ്ങളെല്ലാം മാറ്റി പുതിയ പരീക്ഷണങ്ങൾക്ക് ഇറങ്ങുമ്പോൾ സോഷ്യൽ മീഡിയ വഴിയുള്ള വെർച്വൽ റാലി ഉപയോഗിച്ചുള്ള പ്രചാരണമാവും കൂടുതൽ ജനശ്രദ്ധ നേടുകയെന്ന വിശ്വാസവും രാഷ്ട്രീയപാർട്ടികൾക്കുണ്ട്.അതേസമയം സ്ഥാനാർത്ഥികളെ സഹായിക്കാൻ ചില ഏജൻസികളും രംഗത്തുണ്ട്.ഫേസ്ബുക്ക്, വാട്സ്ആപ് മുതലായ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴി ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കും.നോട്ടീസും പോസ്റ്ററും ചുമരെഴുത്തുമൊക്കെ രണ്ടാം നിരയിലാകും ഇടംപിടിക്കുക.വാർഡ് കേന്ദ്രീകരിച്ചു വാട്സ്അപ് കൂട്ടായ്മകൾ ആരംഭിച്ചുകഴിഞ്ഞു.
കമ്മീഷൻ മാർഗ നിർദേശങ്ങൾ
• അഞ്ചംഗ സംഘത്തിന് വീടുകളിൽ കയറി പ്രചാരണം നടത്താം
• മാസ്‌ക് നിർബന്ധമായും ധരിക്കണം.
• പോളിംഗ് സ്റ്റേഷനുകളിൽ തെർമൽ സ്‌കാനർ, സാനിടൈസർ,
കൈ കഴുകാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം.
• ബൂത്തില്‍ വോട്ട് ചെയ്യാവുന്നവരുടെ പരമാവധി എണ്ണം 1500ൽ നിന്ന് 1000 ആക്കി.
• നോഡൽ ഹെൽത്തു ഓഫീസർക്ക് മേൽനോട്ട ചുമതല.
• 80 വയസിന് മുകളിലുള്ളവർക്കും കൊവിഡ് ബാധിതർക്കും പോസ്റ്റൽ ബാലറ്റ്