ആലുവ: നഗരത്തിലെ വ്യാപാരിയുടെ വീട്ടിൽനിന്നും 12 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റുചെയ്തു. കട്ടപ്പന കരുണാപുരം ബാലഗ്രാമം ബ്‌ളോക്ക് 980ൽ വിദ്യ (32), രാമക്കൽമേട് കൊണ്ടോത്തറ വീട്ടിൽ ജയ്‌മോൻ (38) എന്നിവരെയാണ് ആലുവ എസ്.എച്ച്.ഒ എൻ. സുരേഷ്‌കുമാർ അറസ്റ്റുചെയ്തത്.
ആലുവ ലൂർദ് സെന്ററിൽ പ്രവർത്തിക്കുന്ന സി.സി മാത്തപ്പൻസ് സ്റ്റോഴ്സ് ഉടമ എസ്.പി ഓഫീസിന് സമീപം നേതാജി റോഡിൽ താമസിക്കുന്ന സാമുവലിന്റെ വീട്ടിലാണ് മോഷണം നടന്നത്. എറണാകുളത്തെ സ്വകാര്യ ഏജൻസി മുഖേന മൂന്നുമാസം മുമ്പാണ് വിദ്യ ഇവിടെ വീട്ടുജോലിക്കെത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ ദിവസംതന്നെ സംശയംതോന്നിയ വീട്ടുടമ ഇവരെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടു. തുടർന്ന് ആലുവ പൊലീസിനും ഏജൻസിക്കും പരാതി നൽകി. പൊലീസ് പലവട്ടം യുവതിയെ ചോദ്യംചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല. ഇതിനിടെ പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ യുവതി പുതിയ സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് വീട്ടിലെത്തി വിശദമായി ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം സമ്മതിച്ചത്.
മോഷ്ടിച്ച സ്വർണം നൽകി പുതിയ സ്വർണം വാങ്ങുകയായിരുന്നു. കുറച്ച് സ്വർണം പണയപ്പെടുത്തുകയും ചെയ്തു. സ്വർണം മാറ്റിവാങ്ങുന്നതിനും പണയപ്പെടുത്തുന്നതിനും നേതൃത്വം നൽകിയത് ജയ്‌മോനാണെന്നും ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിക്കൊപ്പമാണ് കുറച്ചുകാലമായി ജയ്മോനെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.