 
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലും ഗാന്ധി ജയന്തി ദിനം വിവിധ പരിപായികളോടെ ആചരിച്ചു. ഉപവാസം ,പ്രാർത്ഥന, അനുസ്മരണ സമ്മേളനം, സെമിനാർ, കുട്ടികളുടെ ഓൺലൈൻ മത്സരങ്ങൾ എന്നിവയായിരുന്നു പ്രധാന പരിപാടികൾ. പായിപ്ര എ.എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. ഗാന്ധിജയന്തി ദിനാഘോഷം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി കെ ഉണ്ണി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ , പഞ്ചായത്ത് മെമ്പർ നസീമ സുനിൽ ,അദ്ധ്യാപകനായ കെ എം നൗഫൽ, ബോധി സെക്രട്ടറി കെ ബി ചന്ദ്രശേഖരൻ, ലൈബ്രറി സെക്രട്ടറി എം എസ് ശ്രീധരൻ , എപി കുഞ്ഞ് എന്നിവർ സംസാരിച്ചു.മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ ദർശനത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ മുൻ എം.എൽ.എയും ലൈബ്രറി പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ പ്രഭാഷണം നടത്തി.ലൈബ്രറി വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി രജീഷ് ഗോപിനാഥ് , പ്രമോദ് കെ. തമ്പാൻ , അജേഷ് കോട്ടമുറിക്കൽ എന്നിവർ സംസാരിച്ചു.
വാഴപ്പിള്ളി വി.ആർ എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'ഗാന്ധിസവും, മതേതരത്വവും ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി കെ ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.എം രാജപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.ആർ വിജയകുമാർ,ആർ. രവീന്ദ്രൻ,താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം സിന്ധു ഉല്ലാസ്, ലൈബ്രറി സെക്രട്ടറി ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ, പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള പുരസ്കാരങ്ങൾ നൽകി. രോഹൻ അജി ജോസഫ്, ഗൗരി ഗോപൻ, ഗൗരിനന്ദ രാജീവ്, മുഹസിൻ കമാൽ മുഹമ്മദ് തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.