lab
പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ ആഗസ്റ്റ് 28ന് ഉദ്ഘാടനം ചെയ്യ്ത മെഡിക്കൽ ലാബ് പൂട്ടിയിട്ടിരിക്കുന്നു

നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും പ്രവർത്തനമാരംഭിച്ചില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടന മാമാങ്കം നടത്തുകയായിരുന്നുവെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ ലാബ് സ്ഥാപിച്ചത്. ആഗസ്റ്റ് 28ന് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചെങ്കിലും ഇതുവരെ ലാബ് തുറന്ന് പ്രവർത്തിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാണ് ലാബിന് പഞ്ചായത്ത് സൗകര്യമൊരുക്കിയത്. ലാബ് പ്രവർത്തനസജ്ജമാകാത്തതിനാൽ സർക്കാർ നിയമിച്ചിട്ടുള്ള ലാബ് ടെക്‌നീഷൻ ഇപ്പോൾ മറ്റൊരാശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. പി.എച്ച്.സി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തുന്നതിനാവശ്യമായ കെട്ടിടം എം.എൽ.എ ഫണ്ട് ചെലവഴിച്ച് നിർമ്മിക്കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തന സജ്ജമായാൽ മാത്രമെ ലാബിന്റെ പൂർണതോതിലുള്ള പ്രവർത്തനം സാധ്യമാകൂവെന്നിരിക്കെ രാഷ്ട്രീയ നേട്ടത്തിന് മാത്രം ഉദ്ഘാടനം നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.

കുടുംബാരോഗ്യ കേന്ദ്രമാക്കണമെങ്കിൽ ലാബിന് പുറമെ മൂന്ന് ഡോക്ടർമാരെ ഉൾപ്പെടെ നിയമിക്കേണ്ടതുണ്ട്. ഇവയെല്ലാം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് യാഥാർത്ഥ്യമാകില്ലെന്ന് ഉറപ്പായതിനാലാണ് മെഡിക്കൽ ലാബിന്റെ മാത്രമായി ഉദ്ഘാടനം നടത്തിയതെന്ന് ആരോപണമുണ്ട്. നേരത്തെ പഞ്ചായതിൽ നടന്ന പാറക്കടവ് ഗവ. എൽ.പി. സ്‌കൂളിന്റെ നിർമ്മാണോദ്ഘാടനവും വിവാദമായിരുന്നു. എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.പി എത്തുന്നതിന് മുമ്പേ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചിരുന്നു. പിന്നീട് നിശ്ചയിക്കപ്പെട്ട സമയത്ത് എം.പിയും അതിന് പിന്നാലെ ജനകീയ ശിലാസ്ഥാപനമെന്ന പേരിൽ ബി.ജെ.പിയും ഉദ്ഘാടന മാമാങ്കം നടത്തിയിരുന്നു

ലാബ് തുറന്നില്ലെങ്കിൽ സമരം

പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് അടിയന്തരമായി പ്രവർത്തനമാരംഭിക്കണമെന്നും ഞായറാഴ്ച്ച ദിവസങ്ങളിലും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരം ആരംഭിക്കും.

.