bineesh

 ബംഗളൂരു ഇ.ഡി ഓഫീസിൽ ഹാജരാകണം

കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ 12 മണിക്കൂർ ചോദ്യംചെയ്യലിന് വിധേയനായതിന് പിന്നാലെ ബംഗളൂരു ലഹരിമരുന്ന് കേസിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ഈ മാസം ആറിന് രാവിലെ 11ന് ബംഗ‌ളൂരു ശാന്തിനഗറിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ബിനീഷിനുമേലുള്ള ഇ.ഡിയുട‌െ കുരുക്ക് മുറുകുന്നതിന്റെ സൂചനയാണിത്.

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കേസെടുത്ത ഇ.ഡി

പരപ്പന അഗ്രഹാര ജയിലിൽ അനൂപിനെ ചോദ്യംചെയ്‌തിരുന്നു. അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് ഹാജരാകാൻ നിർദേശിച്ചത്.

ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ സുഹൃത്താണ് ബിനീഷ്. അനൂപിനെ ചോദ്യംചെയ്‌തപ്പോഴാണ് കന്നട ചലച്ചിത്രതാരങ്ങൾ ഉൾപ്പെട്ട ലഹരി മാഫിയയുടെ വിവരങ്ങൾ പുറത്തുവന്നത്. അനൂപിനെ കേന്ദ്ര നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയാണ് (എൻ.സി.ബി) അറസ്‌റ്റുചെയ്‌തത്.

ബംഗളൂരുവിലെ ഹോട്ടൽ ബിസിനസിന് വലിയതുക ബിനീഷ് തന്നിരുന്നതായി അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബിനീഷ് സ്ഥിരീകരിച്ചെങ്കിലും ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നാണ് നിലപാട്.