babu
യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ ബാബു മാത്യു

കൊച്ചി: വാഹനപരിശോധനയുടെ പിഴ അടയ്ക്കാൻ പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ എറണാകുളം സെൻട്രൽ സ്‌റ്റേഷൻ എസ്.ഐ ബാബുമാത്യു (52) അറസ്‌റ്റിലായി. ഒരു വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് കാട്ടി മുളന്തുരുത്തി സ്വദേശിനിയായ 37കാരി കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലിക്കു നൽകിയ പരാതിയിലാണ് ഒരുമാസംമുമ്പ് കേസ് രജിസ്‌റ്റർ ചെയ്‌തത്.

വാഹനപരിശോധനയ്ക്കിടെ പിഴഅടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി മുളന്തുരുത്തി സ്റ്റേഷനിലെത്തി പണം അടയ്‌ക്കാമെന്ന് അറിയിച്ചു. സ്‌റ്റേഷനിലെത്തിയ യുവതിയുമായി അന്ന് എ.എസ്.ഐയായിരുന്ന ബാബുമാത്യു സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദം മുതലെടുത്ത ബാബുമാത്യു യുവതിയുടെ വീട്ടിൽ പലപ്പോഴായി എത്തുകയും ഒരുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തു. ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു.

യുവതി മജിസ്‌ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴിയും നൽകിയിരുന്നു. കേസെടുത്തതോടെ മെഡിക്കൽ അവധിയിൽ പ്രവേശിച്ച ബാബു ഒളിവിലായിരുന്നു. ഇതിനു പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ ബാബു മാത്യുവിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഉദയംപേരൂർ സ്‌റ്റേഷനിൽ ജോലിചെയ്യുമ്പോൾ അബ്കാരി കേസിലെ പ്രതികളെ പിടികൂടാതിരുന്നതിന് ബാബു സസ്‌പെൻഷനിലായിരുന്നു. അടുത്തിടെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചത്. ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മുളന്തുരുത്തി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.