നെടുമ്പാശേരി: കൊവിഡ് ബാധിതരായ റിമാൻഡ് പ്രതികളെ ചികിത്സിക്കുന്നതിനായി പ്രത്യേക സി.എഫ്.എൽ.ടി.സി ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി കളക്ടർക്ക് വീണ്ടും നിവേദനം നൽകി. മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാത്തതിനാലാണ് സിയാൽ സി.എഫ്.എൽ.ടി.സിയിൽ നിന്ന് പ്രതികൾ രക്ഷപെടുന്നത്.
കഴിഞ്ഞ 23ന് നൽകിയ പരാതിയിൽ നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഇന്നലെ അസോസിയേഷൻ വീണ്ടും പരാതി നൽകിയത്. വിശാലമായ ഹാളിൽ സാധാരണ രോഗികൾക്കൊപ്പം തന്നെയാണ് റിമാൻഡ് പ്രതികളെയും ചികിത്സിക്കുന്നത്. നൂറുമീറ്റർ അകലെയുള്ള പ്രവേശനകവാടത്തിലാണ് പ്രതികളുടെ സുരക്ഷാചുമതലയുള്ള പൊലീസ് നിൽക്കുന്നത്. അതിനാൽ അഞ്ച് വാതിലുകളുള്ള ചികിത്സാകേന്ദ്രത്തിൽ നിന്നും പ്രതികൾ രക്ഷപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ചികിത്സാസെന്ററിലെ ആരോഗ്യപ്രവർത്തകരിൽ നിന്നാണ് റിമാൻഡ് പ്രതികളെ സംബന്ധിച്ച വിവരങ്ങൾ ചുമതലയുള്ള പൊലീസുകാർ തിരക്കുന്നത്. ചികിത്സാസെന്ററിൽ സാധാരണ ഡ്യൂട്ടിയുള്ള മൂന്ന് പൊലീസുകാർക്ക് പുറമെ റിമാൻഡിലുള്ള റൂറൽ ജില്ലയിലെ ഓരോ രോഗികൾക്കും സുരക്ഷയ്ക്കായി രണ്ടുവീതം പൊലീസുകാരുണ്ട്. സിറ്റി ജില്ലയിൽ നിന്നും ഒരു പ്രതിക്ക് ഒരു പൊലീസുമാണ് സുരക്ഷയ്ക്കുള്ളത്.
കളമശേരി മെഡിക്കൽ കോളേജിന് സമീപം ന്യുവാത്‌സിൽ റിമാൻഡ് പ്രതികൾക്കും രോഗബാധിതരാകുന്ന പൊലീസുകാർക്കും ചികിത്സാ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. സിയാലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശിയായ ഒരു പൊലീസുകാരന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുനമ്പം, പുത്തൻവേലിക്കര, എടത്തല, കൂത്താട്ടുകുളം സ്റ്റേഷനുകളിലെ പൊലീസുകാരിലും കൊവിഡ് ബാധിതരുണ്ട്.