anil-akkara

കൊച്ചി: ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പരാതിക്കാരനായ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരെയിൽനിന്ന് സി.ബി.ഐ മൊഴിയെടുത്തു. കൊച്ചിയിലെ ഓഫീസിൽ നടന്ന മൊഴിയെടുക്കലിൽ നിർണായക വിവരങ്ങളും തെളിവുകളും കൈമാറിയതായി അനിൽ അക്കരെ വെളിപ്പെടുത്തി.

അതേസമയം തിരുവനന്തപുരം കരമനയിലുള്ള ആക്‌സിസ് ബാങ്കിലെ ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തു. ഈ ശാഖയിലെ യു.എ.ഇ കോൺസുലേറ്റിന്റെ അക്കൗണ്ട് വഴിയാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി ഏറ്റെടുത്ത യുണിടാകിന് 14 കോടി കൈമാറിയത്. കരാർ തുകയിൽനിന്ന് 68 ലക്ഷം രൂപ സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഐസോമോക് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് കമ്മിഷനായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈമാറി. സന്ദീപിന്റെ അക്കൗണ്ടന്റും ഇതേ ബാങ്കിലാണ്. സന്തോഷിനെ മൂന്നുതവണ സി.ബി.ഐ ചോദ്യംചെയ്‌തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ തേടിയത്.

കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്ന് പണം സ്വീകരിച്ചത് വിദേശനാണയ നിയന്ത്രണ ചട്ടലംഘനമാണെന്നാണ് സി.ബി.ഐ കേസ്. പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ നിന്നും സന്തോഷ് ഈപ്പന്റെ ഓഫീസ്, വസതി എന്നിവിടങ്ങളിൽനിന്നും നിരവധി രേഖകൾ സി.ബി.ഐ പിടിച്ചെടുത്തിരുന്നു.