പള്ളുരുത്തി വിഷ്ണു ഉണ്ണി. കൊച്ചിയുടെ ഇടനെഞ്ചിലെ വിങ്ങലാണ് ഇന്നും ഈ പേര്. കൈക്കുഞ്ഞുമായി കായലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയെ ആഴങ്ങളിൽ നിന്നും തിരിച്ച് കൊണ്ടുവന്ന യുവ നാവിക ഉദ്യോഗസ്ഥൻ കൊച്ചി കായലിൽ മറഞ്ഞിട്ട് ആറാണ്ട്. വീട്ടമ്മയെയും കുട്ടിയെയും സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചെങ്കിലും കുഞ്ഞ് പിന്നീട് മരണത്തിന് കീഴടങ്ങി. 2014ഒക്ടോബർ 3ന് ആയിരുന്നു കൊച്ചിയെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്.

ഐ.എൻ.എസ് ദ്രോണാചാര്യയിലെ നാവിക ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു. സംഭവ ദിവസം സുഹൃത്തുമൊത്ത് ബൈക്കിൽ വരുന്നതിനിടെയാണ് വീട്ടമ്മ കായലിലേക്ക് ചാടിയത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബൈക്ക് പാലത്തിൽ നിർത്തി മൊബൈൽ ഫോൺ സുഹൃത്തിന് നൽകിയ ശേഷം ഇവരെ രക്ഷിക്കാൻ കായലിലേക്ക് ചാടി.അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി കൊച്ചിൻ ഷിപ്പിയാർഡിലെ ബോട്ട് ജീവനക്കാർക്ക് നൽകിയ ശേഷം പിന്നീട് വിഷ്ണു കായലിന്റെ ആഴങ്ങളിലേക്ക് മുങ്ങി പോവുകയായിരുന്നു.

തൃത്താല സ്വദേശിയാണ് വിഷ്ണു.

മകൻ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അതേസമയം വിഷ്ണുവിന്റെ ഓർമ്മദിനത്തിൽ കൊച്ചി കൂട്ടായ്മ വെണ്ടുരുത്തി പാലത്തിനു സമീപം വിഷ്ണുവിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. മുൻ ജി.സി.ഡി.എ.ചെയർമാൻ എൻ.വേണുഗോപാൽ, വിഷ്ണുവിന്റെ പിതാവ് ഉണ്ണികൃഷ്ണൻ, മാതാവ് പ്രഭായിനി, സഹോദരി വിനയ, അഭിലാഷ് തോപ്പിൽ, വി.ഡി.മജീന്ദ്രൻ, ടി.എം.റിഫാസ് തുടങ്ങിയവർ സംബന്ധിച്ചു.