
ആലുവ: കൊവിഡ് പരിശോധന ഫലം നെഗറ്റീവായിട്ട് ഏഴ് ദിവസം. പക്ഷേ മമ്മുവും മുരുകേഷും ഇപ്പോഴും ആലുവ യു.സി കോളേജിലെ എഫ്.എൽ.ടി.സിയിൽ തന്നെയാണ്. താത്കാലിക ആശുപത്രി വിട്ടാൽ ഇരുവർക്കും തലചായ്ക്കാൻ ഒരിടമില്ല. ഇതാണ് ഈ വൃദ്ധരെ മറ്റ് രോഗികളോടൊപ്പം ഇവിടെ കഴിയാൻ പ്രേരിപ്പിക്കുന്നത്.
ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപറ്റബർ 17നാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് യു.സി കോളേജ് കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. 24ന് പരിശോധന ഫലം നെഗറ്റീവായി. പാചക തൊഴിലാളിയായിരുന്ന മമ്മു ആലുവയിലും പരിസര പ്രദേശങ്ങളിലും നിരവധി ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് പെരുമ്പാവൂർ റോഡിലെ പെരിയാർ പള്ളിയിലായിരുന്ന കഴിഞ്ഞിരുന്നത്.
കളമശേരിയിൽ ഉണ്ടായിരുന്ന കുടുംബവുമായി 30 വർഷത്തിന് മുമ്പ് പിരിഞ്ഞതാണ്. ഇപ്പോൾ കുടുംബം എവിടെയെന്ന് പോലും മമ്മുവിന് അറിയില്ല.
മുരുകേശൻ ആലുവ അമ്പാട്ടുകാവിൽ കുടുബസമേതം വാടകക്ക് താമസിക്കുകയായിരുന്നു. നാലു വർഷം മുമ്പ് തമിഴ്‌നാട്ടിൽ തിരുന്നൽവേലിയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ഭാര്യയും രണ്ട് മക്കളും മരിച്ചു. പിന്നീട് പല ഹോട്ടലുകളിലും പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. പലതരത്തിലുള്ള രോഗങ്ങൾ ബാധിച്ചതോടെ ജോലി ചെയ്യാൻ കഴിയാതെയായി. പിന്നീട് കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. അധികൃതരുടെ കനിവ് തേടുകയാണ് ഇരുവരും.