കൊച്ചി: കടലാക്രമണങ്ങളിൽ നിന്ന് തീരങ്ങളെ സംരക്ഷിക്കുന്ന സംസ്ഥാനതല പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ചെല്ലാനത്ത് എട്ടുകോടി ചെലവിൽ ഒരു കിലോമീറ്റർ നീളമുള്ള കടൽഭിത്തി ജിയോ ട്യൂബുകൾ ഉപയോഗിച്ച് നിർമ്മിക്കും. 2021 ജനുവരിയോടെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതോടൊപ്പം ചെല്ലാനത്തെ ബസാർഭാഗത്ത് 220 മീറ്റർ നീളത്തിൽ കടൽഭിത്തി പണിയുന്നതിന് ഒരുകോടിരൂപയുടെ പ്രവർത്തനങ്ങൾ, ചാളക്കടവ്, മാലാഖപ്പടി, കണ്ണമാലി പ്രദേശങ്ങളിൽ ജിയോബാഗ് ഉപയോഗിച്ച് 270 മീറ്റർ നീളത്തിൽ താത്കാലിക കടൽഭിത്തി പണിയുന്നതിന് 30 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ എന്നിവയും നടപ്പാക്കും.

ചെന്നൈ ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനിയറിംഗ് വകുപ്പിന്റെ വിദഗ്ദ്ധ നിർദേശമനുസരിച്ച് തയ്യാറാക്കുന്ന മാലാഖപ്പടിയിലെ രണ്ട് പുലിമുട്ടുകളുടെ നിർമ്മാണം, മാലാഖപ്പടിയിലും കണ്ണമാലിയിലുമുള്ള മറ്റ് മൂന്ന് പുലിമുട്ടുകളുടെ പുനരുദ്ധാരണം എന്നിവ പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപകല്പന ചെയ്ത് നടപ്പാക്കും.

അറ്റകുറ്റപ്പണികൾക്ക് ഏകദേശം നാലുകോടി രൂപയും പുതിയവയുടെ നിർമാണത്തിന് ആറ് കോടി രൂപയും ഉൾപ്പെടെ 10 കോടി രൂപയാണ് പുലിമുട്ടുകൾക്കായി ഇവിടെ ചെലവാക്കുന്നത്. കൂടാതെ നൂതന സാങ്കേതിക രീതിയിലുള്ള തീരസംരക്ഷണ മാർഗങ്ങൾ സംബന്ധിച്ച പഠനം ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ ടെക്‌നോളജിയുടെ സഹായത്തോടെ നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അനുവദിച്ച തുക എത്രയും പെട്ടെന്ന് പുലിമുട്ടുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുമെന്ന് കെ.ജെ മാക്‌സി എം.എൽ.എ പറഞ്ഞു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ടി.വി. അനിത എന്നിവരും പങ്കെടുത്തു.