
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിൽ മുഖ്യ അലോട്ട്‌മെന്റുകൾക്കു പിന്നാലെ സ്കൂൾ/ വിഷയം മാറ്റുന്നതിനുള്ള അവസരം നിഷേധിച്ചത് മിടുക്കരായ നിരവധി വിദ്യാർത്ഥികൾക്ക് മെരിറ്റ് ക്വാട്ടയിൽ അർഹമായ സ്കൂളും വിഷയവും തിരഞ്ഞെടുക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തും.കൂടുതൽ മാർക്കുള്ളവർക്ക്, താത്പര്യമുള്ള സ്കൂളിൽ താത്പര്യമുള്ള കോഴ്‌സിൽ പ്രവേശനം ലഭിച്ചതിനു ശേഷമുള്ള സീറ്റുകൾ തിട്ടപ്പെടുത്തിയാണ് കഴിഞ്ഞ വർഷം വരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടത്തിയിരുന്നത്. ഇത്തവണ സ്കൂൾ/ വിഷയ മാറ്റം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം മതിയെന്നാണ് തീരുമാനം. ഒന്നും രണ്ടും അലോട്ട്മെന്റ് ഘട്ടത്തിൽത്തന്നെ ഏറക്കുറെ എല്ലാ സീറ്റിലേക്കും അലോട്ട്മെന്റ് നടന്നുകഴിഞ്ഞതാണ് കാരണമായി പറയുന്നത്. ഒന്നാം അലോട്ട്മെന്റിനു ശേഷം 56,422 വിദ്യാർത്ഥികൾക്ക് ഉയർന്ന ഓപ്ഷനിൽ പ്രവേശനം ലഭിച്ചിരുന്നു. രണ്ടാം അലോട്ട്മെന്റിനു ശേഷം ഉയർന്ന ഓപ്ഷൻ അപേക്ഷിക്കേണ്ടവർക്കാണ് അവസരം നിഷേധിക്കപ്പെട്ടത്.
പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നു തന്നെ മുൻ വർഷങ്ങളിൽ കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാമായിരുന്നു. ഇക്കുറി ക്ലാസുകൾ ആരംഭിക്കാതെ പ്രവേശന നടപടി മാത്രമാണ് പൂർത്തിയാക്കുന്നത്. മുഖ്യ അലോട്ട്‌മെന്റ് രണ്ടു ഘട്ടങ്ങളിലായി ആറിന് പൂർത്തിയാകും. അതിനു ശേഷമേ ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ എണ്ണം വ്യക്തമാകൂ. അഡ്മിഷൻ കിട്ടാത്തവർ, അപേക്ഷിക്കാത്തവർ, അപേക്ഷയിൽ തെറ്റു സംഭവിച്ചവർ തുടങ്ങിയവർക്കാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനാകുക. നിലവിൽ അഡ്മിഷൻ കിട്ടിയവർക്ക് മാറ്റത്തിന് അപേക്ഷിക്കാനാവില്ല.
ആദ്യ അലോട്ട്‌മെന്റുകളിൽ സയൻസ് താത്പര്യമുണ്ടായിട്ടും, മെരിറ്റ് കുറഞ്ഞതു മൂലം കൊമേഴ്‌സിലോ ഹ്യുമാനിറ്റീസിലോ ചേർന്നവരുണ്ടാകും. ഇവർക്ക് കോഴ്സും സ്കൂളും മാറുന്നതിനുള്ള അവസരം നഷ്ടപ്പെടുകയും മാർക്ക് കുറവുള്ള വിദ്യാർത്ഥികൾക്ക് സപ്ളിമെന്ററി അലോട്ട്മെന്റിലൂടെ പ്രവേശനം ലഭിക്കുകയും ചെയ്യും. ഈ വർഷം സീറ്റ് വർദ്ധന നേരത്തേ പ്രഖ്യാപിച്ചതിനാൽ, ഈ സീറ്റുകളും ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടു. ഇതുവഴി മെരിറ്റ് അർഹതയുള്ള ഭൂരിഭാഗം കുട്ടികൾക്കും അഡ്മിഷൻ ലഭിച്ചെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്കുകൂട്ടൽ.
കൊവിഡ് പശ്ചാത്തലവും ക്ലാസുകൾ ഉടൻ തുടങ്ങാത്ത സാഹചര്യവും പരിഗണിച്ച് മെരിറ്റും സാമാന്യനീതിയും ഉറപ്പാക്കി പ്രവേശന പ്രക്രിയയിൽ മാറ്റം വരുത്തണം.
-എസ്. മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ.
ആകെ അപേക്ഷകൾ: 476046
ഒന്നാം അലോട്ട്മെന്റ്
രണ്ടാം അലോട്ട്‌മെന്റ്