naval-glider-crash
എറണാകുളം തോപ്പുംപടിയിൽ പരിശീലന പറക്കലിനിടെ തകർന്ന് വീണ കൊച്ചി നാവിക സേനയുടെ ഗ്ലൈഡർ

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്തു നിന്ന് പരിശീലനത്തിനായി പറന്നുയർന്ന പവർ ഗ്ളൈഡർ തിരക്കേറിയ വാക്‌ വേയ്ക്ക് സമീപം തകർന്ന് വീണ് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. ഉത്തരാഖണ്ഡ് ഡെറാഡൂൺ സ്വദേശിയും ഗ്ളൈഡർ പൈലറ്റുമായ രാജീവ് ത്ധായും (39) ബീഹാർ ഭോഭ് സ്വദേശിയും പെറ്റി ഓഫീസറുമായ ( ഇലക്‌ട്രിക്കൽ എയർ) സുനിൽകുമാറുമാണ് (29) തൽക്ഷണം മരിച്ചത്.

ഇന്നലെ രാവിലെ ഏഴു മണിയോടെ തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപമായിരുന്നു അപകടം.ആൾത്തിരക്കില്ലാത്തിടത്ത് വീണതിനാൽ വൻഅപകടം ഒഴിവായി.ഐ.എൻ.എസ് ഗരുഡയിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കം അപകടം സംഭവിച്ചു. ഒരു കിലോമീറ്റർ അകലെയാണ് വീണത്. എൻജിൻ തകരാറാണ് കാരണമെന്ന് കരുതുന്നു. ദക്ഷിണനാവിക ആസ്ഥാനം അന്വേഷണത്തിന് ഉത്തരവിട്ടു.

വാക്‌വേയിൽ പ്രഭാതസഞ്ചാരത്തിനെത്തിയവരാണ് ആദ്യം അറിഞ്ഞത്. വൻശബ്ദം കേട്ടതിനാൽ വിമാനം വീണെന്നാണ് കരുതിയത്. ഗ്ളൈഡറിൽ കുടുങ്ങിയ നിലയിലായിരുന്നു ഇരുവരും. കൈകാലുകൾ ഒടിഞ്ഞു തൂങ്ങിയിരുന്നു. ഹാർബർ പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചു. 25 മിനിട്ട് ഉദ്യോഗസ്ഥർ ഗ്ളൈഡറിൽ കുരുങ്ങിക്കിടന്നു.ഇരുവരെയും നാവിക ആശുപത്രിയായ ഐ.എൻ.എസ് സഞ്ജീവനിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവാഹിതനായ രാജീവിന് രണ്ടു മക്കളുമുണ്ട്. സുനിൽ കുമാർ അവിവാഹിതനാണ്.പൂർണമായും തകർന്ന ഗ്ളൈഡർ നാവിക ആസ്ഥാനത്തേക്ക് മാറ്റി. ഗ്ളൈഡറിന്റെ പഴക്കവും എത്ര അടി ഉയരത്തിലാണ് അപകടം സംഭവിച്ചതെന്നും നാവികസേന വ്യക്തമാക്കിയിട്ടില്ല.

ഗ്ലൈഡർ

വൻദുരന്തം ഒഴിവായി

വാക്‌വേയിൽ 200 ലധികം പ്രഭാത സവാരിക്കാരുണ്ടായിരുന്നു. ഇതിനടുത്താണ് നിരവധി ഇന്ധന ടാങ്കുകൾ. പാലത്തിനോട് ചേർന്ന ഭാഗത്ത് വീണതിനാൽ വൻ ദുരന്തം ഒഴിവായി. വർഷങ്ങൾക്ക് മുമ്പ് പൈലറ്റില്ലാ ചെറു നിരീക്ഷണ വിമാനം നാവികാസ്ഥാനത്തിന് സമീപത്തെ വാത്തുരുത്തി റെയിൽവേ ട്രാക്കിൽ തകർന്നു വീണിരുന്നു. അന്നാർക്കും പരിക്കേറ്റില്ല.