
മുവാറ്റുപുഴ: റംലയും രണ്ട് പെൺമക്കളും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങും. സി.പി.എം ആയവന ലോക്കൽ കമ്മിറ്റി കനിവ് ഭവന പദ്ധതിയിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ സി .പി. എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ അഞ്ചൽപ്പെട്ടി കാട്ടാംപ്ലാക്കൽ റംലക്ക് കൈമാറി. വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി രാജൻ,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി എം ഇസ്മയിൽ, പി ആർ മുരളീധരൻ, ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം.മാത്യു, തുടങ്ങിയവർ സംസാരിച്ചു.
സി.പി.എം അഞ്ചൽപ്പെട്ടി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന അന്തരിച്ച കാട്ടാംപ്ലായ്ക്കൽ കെ. എച്ച് ഷംസുദ്ദീന്റെ നിർദ്ധന കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകിയത് .ഷംസുദ്ദീന്റെ ഭാര്യ റംലയും രണ്ട് പെൺമക്കളും വാടക വീട്ടിലാണ് താമസിച്ചിരുന്നത് . അഞ്ചൽപ്പെട്ടിയിലുണ്ടായിരുന്ന കുടുംബ വക മൂന്ന് സെന്റ് സ്ഥലത്ത് 620 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് നിർമ്മിച്ച നൽകിയത് .പാർട്ടി പ്രവർത്തകരിൽ നിന്നും സുമനസുകളായ നാട്ടുകാരിൽ നിന്നും സമാഹരിച്ച ഒമ്പത് ലക്ഷം രൂപ മുടക്കിയാണ് കനിവ് ഭവനം നിർമ്മിച്ചത്. മൂവാറ്റുപുഴ ഏരിയയിൽ നിർദ്ധനരായ വീടില്ലാത്ത പത്ത് കുടുംബങ്ങൾക്ക് ഇതിനോടകം സി.പി.എം കനിവ് ഭവനം നൽകി.