cheriyapilly-palam
ചെറിയപ്പിള്ളി പാലത്തിലെ കുഴികൾ.

പറവൂർ: ദേശീയപാത 66ലെ ചെറിയപ്പിള്ളി പാലത്തിലും റോഡിലും കുഴിതൾ രൂപപ്പെട്ടത് വാഹനങ്ങൾക്ക് അപകടസാധ്യതയേറുന്നു. വീതികുറഞ്ഞ പാലത്തിലും അപ്രോച്ച് റോഡിലേയും കുഴികളിലും അപകടത്തിൽപ്പെടുന്നത് ഇരുചക്രവാഹനങ്ങളാണ്. കുഴിയിൽ വീഴുന്ന ഇരുചക്രവാഹനങ്ങൾ മറിയാൻ ഇടയുണ്ട്. പുറകിൽ വാഹനങ്ങൾ ഇടിച്ചുകയറാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം അപ്രോച്ച് റോഡിലെ കുഴിയിൽ ചാടിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. പുറകിൽ വാഹനങ്ങൾ ഉണ്ടാകാതിരുന്നതിനാൽ അപകടം ഒഴിവായി. ചെറിയപ്പിള്ളി കവലയിലെയും പാലത്തിലെയും അപ്രോച്ച് റോഡിലെയും കുഴികൾ അടയ്ക്കാനും റോഡ് പൂർണമായി ടാർ ചെയ്യാനും ദേശീയപാത അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

കുഴി അടച്ചെങ്കിലും വീണ്ടും രൂപപ്പെട്ടു

പലവട്ടം താത്കാലികമായി കുഴി അടച്ചെങ്കിലും വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. ചെറിയപ്പിള്ളി കവലയിൽ പുതുതായി ടാർ ചെയ്യാത്ത ഭാഗത്തെ റോഡിലും കുഴികളാണ്. ദേശീയപാത മൂത്തകുന്നത്ത് നിന്നും ആരംഭിച്ച ബി.എം ആൻഡ് ബി.സി ടാറിംഗ് ചെറിയപ്പിള്ളി കവല വരെ എത്തിച്ചെങ്കിലും കവലയിൽ നിന്നും പാലത്തിലേക്കുള്ള ഭാഗത്ത് ടാറിംഗ് നടത്തിയിട്ടില്ല. കവലയിൽ കുറച്ച് ഭാഗത്ത് പകുതി മാത്രം ടാർ ചെയ്തു നിർത്തിയിരിക്കുന്നത് വാഹനങ്ങൾക്ക് ഭീഷണിയാണ്.