
കൊച്ചി: രണ്ടായിരം കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പു കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) കേസെടുത്തു. പ്രതികളുടെ സ്വത്തു വിവരങ്ങൾ തേടി സംസ്ഥാനത്തെ മുഴുവൻ ജില്ലാ രജിസ്‌ട്രാർമാർക്കും നോട്ടീസ് നൽകി. സ്വത്തുകൾ കൈമാറ്റം ചെയ്യാൻ ശ്രമിച്ചാൽ ഇ.ഡി. കൊച്ചി യൂണിറ്റിനെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.
ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ചറിയാനും സമാനമായ രീതിയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പൊലീസ് അറസ്‌റ്റു ചെയ്യുന്നതിന് മുമ്പ് നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം വിദേശത്തേക്ക് കടത്താൻ പ്രതികൾ ശ്രമിച്ചിരുന്നു. ആസ്‌ട്രേലിയയിലേക്ക് പണം കടത്തിയതായി സൂചനയുണ്ട്. പൊലീസ് അന്വേഷണത്തിനൊപ്പം സമാന്തരമായി വിവരങ്ങൾ ശേഖരിച്ചതിന് ശേഷമാണ് ഇ.ഡി. കേസെടുത്തത്. രാജ്യവ്യാപകമായി ബാങ്കുകളിൽ മുഖ്യപ്രതികൾക്ക് 1760 അക്കൗണ്ടുകളുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അതിനാൽ ,കേസന്വേഷണത്തിന് മറ്റ് ഇ.ഡി യൂണിറ്റുകളുടെയും സഹായം തേടി.
പൊലീസ് അറസ്‌റ്റു ചെയ്‌ത പോപ്പുലർ ഫിനാൻസ് മാനേജിംഗ് ഡയറക്‌ടർ തോമസ് ഡാനിയേൽ, ഡയറക്‌ടർമാരായ ഭാര്യ പ്രഭ തോമസ്, മക്കളായ റിനു, റേബ, റിയ എന്നിവർ ജയിലിലാണ്. സ്വത്തു വിവരങ്ങൾ ലഭിക്കുന്നതിന് പിന്നാലെ ഇവരെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് ഇ.ഡി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും.
സ്വത്ത് മരവിപ്പിക്കൽ
കള്ളപ്പണം വെളുപ്പിക്കൽ, ചൂതാട്ടം എന്നിവ പ്രകാരം ഒരാൾക്കെതിരെ കേസെടുത്താൽ സ്വത്തുക്കൾ എത്രയുണ്ടെന്ന് ഇ.ഡി മുഖേന കണ്ടെത്തും. സ്വത്ത് ആരെങ്കിലും ക്രയവിക്രയം ചെയ്യാൻ ശ്രമിച്ചാൽ രജിസ്‌ട്രാർമാർ ഇ.ഡിയെ അറിയിക്കണം. രജിസ‌്ട്രാർമാരുടെ റിപ്പോർട്ട് പ്രിവൻഷൻ ഒഫ് മണി ലോന്ററിംഗ് അപ്പലേറ്റ് അതോറിട്ടിക്ക് സമർപ്പിക്കും. ഇവർ 180 ദിവസത്തിനുള്ളിൽ റിപ്പോർട്ട് അംഗീകരിക്കുകയോ തള്ളുകയോ വേണം. അംഗീകരിച്ചാൽ പ്രതികൾക്ക് ഡൽഹിയിലെ പ്രത്യേക കോടതിയിൽ അപ്പീൽ നൽകാം. ഇതും തള്ളിയാൽ എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണവേളയിൽ, സ്വത്തുക്കൾ മരവിപ്പിച്ച് കണ്ടുകെട്ടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും.