
കൊച്ചി: വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയിലെ കമ്മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ ആവശ്യപ്പെട്ട ആറു രേഖകളുമായി ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് ഇന്ന് ഹാജരായേക്കും. മുഴുവൻ വിവരങ്ങളും നൽകാൻ കഴിവുള്ള ഉദ്യോഗസ്ഥൻ രാവിലെ 11ന് കൊച്ചി സി.ബി.ഐ ഓഫീസിൽ എത്താനാണ് നോട്ടീസ്.
കൂടുതൽ ഐ.എ.എസ് ഉദ്യേഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് മുമ്പായി രേഖകൾ പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്തുകയാണ് ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട മിക്ക രേഖകളും വിജിലൻസ് സെക്രട്ടേറിയറ്റിൽ നിന്ന് കൊണ്ടുപോയിരുന്നു. അതിനാൽ പകർപ്പുകൾ ഹാജരാക്കാനാണ് സാധ്യത. പിടിച്ചെടുത്ത രേഖകൾ കിട്ടാൻ സി.ബി.ഐ വിജിലൻസ് ഡയറക്‌ടർക്ക് കത്തു നൽകും.
വിദേശസഹായ നിയന്ത്രണചട്ട ലംഘനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരിലേക്ക് കേസ് നീങ്ങുന്നതിന്റെ ആദ്യനീക്കമാണ് ഫയൽ പരിശോധന. നിർമ്മാണം ഏറ്റെടുത്ത യൂണിടാക്കിന് പണം കൈമാറിയ യു.എ.ഇ കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടുള്ള തിരുവനന്തപുരം കരമനയിലെ ആക്‌സിസ് ബാങ്കിലെ ഉദ്യോഗസ്ഥരുടെ മൊഴികൾ സി.ബി.ഐ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇതേ ബാങ്കിലാണ് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർക്കും അക്കൗണ്ടുള്ളത്. ഇയാളുടെ ഐസോമോക്ക് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് 68 ലക്ഷം രൂപ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കമ്മിഷനായി കൈമാറിയത്.
1.റെഡ്ക്രസന്റുമായി ലൈഫ് മിഷന്റെ ധാരണാപത്രം
2. വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാനുള്ള തദ്ദേശ, ആരോഗ്യ വകുപ്പുകളുടെ അനുമതി
3. ഭൂമി വാങ്ങിയതിന്റെ രേഖകൾ
4. കെ.എസ്.ഇ.ബി, വടക്കാഞ്ചേരി നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ
5. തൃശൂർ ജില്ലാ ലൈഫ് മിഷൻ കോ- ഓർഡിനേറ്ററുടെ ചുമതലകൾ
6. നിർമ്മാണകമ്പനികളായ യൂണിടാക്, സെയ്ൻ വെഞ്ചേഴ്സ് എന്നിവയുമായി ലൈഫ് മിഷൻ നടത്തിയ ആശയവിനിമയങ്ങൾ