കൊച്ചി: മാറിയ ജീവിതസംസ്‌കാരത്തിന്റെ ഫലമായി രൂപപ്പെട്ട ഉപഭോഗസംസ്കാരമാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന് മഹാത്മാഗാന്ധിയുടെ പ്രപ്രൗത്രൻ തുഷാർഗാന്ധി പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ എക്കണോമിക് അസോസിയേഷനുമായി ചേർന്ന് ' ആധുനിക ലോകക്രമത്തിൽ ഗാന്ധിയൻ ആശയങ്ങളുടെ ആഗോളപ്രസക്തി' എന്ന ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈറസ് മനുഷ്യനിർമ്മിതമല്ലെങ്കിലും ഉപഭോഗ സംസ്‌കാരമാണ് വ്യാപനത്തിന് കാരണം. അമിത ഉപഭോഗം ഒഴിവാക്കി ആളുകൾ ലളിതജീവിതത്തിലേയ്ക്ക് തിരിയണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചത്. ജനങ്ങൾ ഉപഭോഗസംസ്കാരത്തിലേയ്ക്ക് വഴിമാറി. ആധുനിക സാങ്കേതികവിദ്യകൾ മുന്നേറിയെങ്കിലും ആരോഗ്യസംവിധാനത്തിനോ സാങ്കേതികവിദ്യയ്‌ക്കോ കൊവിഡിനെ തടയാനാവാത്തത് ഗാന്ധിയൻ ആശയങ്ങളിൽനിന്ന് വ്യതിചലിച്ചുള്ള പ്രവർത്തനം മൂലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏകതാപരിഷത്ത് സ്ഥാപകൻ പി.വി. രാജഗോപാൽ, ഡോ. അനിൽകുമാർ താക്കൂർ (ചീഫ് കൺവീനർ, ഐ.ഇ. എ) ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ , ഐ.ഇ.എ ജനറൽ സെകട്ടറി പ്രൊഫ. ബി.പി. ചന്ദ്രമോഹൻ, ഡോ. ആർസു, ഡോ.നെടുമ്പന അനിൽ, ഡോ. സി.എ. പ്രിയേഷ് , കെ.എസ്. ബാബുരാജ് എന്നിവർ സംസാരിച്ചു.