suresh-1

കോലഞ്ചേരി: പൊലീസിന്റെ കണ്ണു വെട്ടിച്ച് മൂന്നാംവട്ടവും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് കോലഞ്ചേരി വട‌യമ്പാടി ചെമ്മല കോളനിയിൽ കൊമരിക്കപറമ്പിൽ ഡ്രാക്കുള സുരേഷ് എന്ന സുരേഷിനെ (36) പുത്തൻകുരിശ് പൊലീസ് പിടികൂടി. കോലഞ്ചേരി കോളേജിന് പിന്നിലെ ആളൊഴിഞ്ഞ പറമ്പിൽ ഒളിവിൽ കഴിയുകയായിരുന്നു. മോഷണക്കേസിൽ പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി കളമശേരി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയവെ കഴിഞ്ഞ 3നാണ് ഇയാൾ രക്ഷപ്പെട്ടത്. പത്തുദിവസത്തിനിടെ മൂന്നാം തവണയായി​രുന്നു മുങ്ങൽ. ആദ്യ രണ്ടുവട്ടവും പെരുമ്പാവൂരിൽ നിന്ന് വലയിലായി.

സെപ്തംബർ 23ന് പെരുമ്പാവൂർ തണ്ടേക്കാടുള്ള കടയിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ അറസ്​റ്റി​ലായ സുരേഷിനെ കറുകു​റ്റിയിലെ കൊവിഡ് കെയർ സെന്ററിലെത്തിച്ചു. അന്ന് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട ഡ്രാക്കുളയെ പി​റ്റേന്ന് പുലർച്ചെ പെരുമ്പാവൂർ മേപ്രത്ത് പടിയിലെ വീട്ടിൽനിന്ന് പിടികൂടി.

25ന് വീണ്ടും കറുകു​റ്റി കൊവിഡ് കെയർ സെന്ററിൽനിന്ന് പൂട്ടുപൊളിച്ച് മറ്റൊരാൾക്കൊപ്പം രക്ഷപ്പെട്ടു. പി​റ്റേന്നു രാത്രി വീണ്ടും പെരുമ്പാവൂർ കണ്ടന്തറയിൽ നിന്ന് ജയിൽ അധികൃതർ പിടികൂടി. ഒക്ടോബർ മൂന്നി​ന് രാവിലെ 10.15ന് മൂന്നാമതും ചാടി. 30ന് കൊവിഡ് പോസി​റ്റീവ് ആയതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ കോളേജ് സൈക്യാട്രിക്ക് വാർഡിലെ സെല്ലിലായിരുന്നു ഇയാൾ. അക്രമികളായ തടവുകാരെ പാർപ്പിക്കുന്ന ഈ സെല്ലിന്റെ മുകൾഭാഗത്തെ വിടവിലൂടെയാണ് സുരേഷ് രക്ഷപ്പെട്ടത്.