
കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് തനിക്ക് ഐ ഫോൺ സമ്മാനിച്ചെന്നാരോപിച്ച യൂണിടാക് എം.ഡി സന്തോഷ് ഇൗപ്പനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസയച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയന്വേഷിക്കാൻ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സന്തോഷ് ഇൗപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചെന്നിത്തലയ്‌ക്ക് ഫോൺ നൽകിയെന്ന ആരോപണം ഉന്നയിച്ചത്.
സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് ഐ ഫോണുകൾ വാങ്ങി നൽകിയെന്നും, ഇതിലൊന്ന് യു.എ.ഇ കോൺസുലേറ്റ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത ചെന്നിത്തലയ്ക്ക് നൽകിയെന്നും സന്തോഷ് ഇൗപ്പന്റെ ഹർജിയിൽ ആരോപിച്ചിരുന്നു. പൊതുപ്രവർത്തകനായ തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വാസ്തവവിരുദ്ധമായ ആരോപണം ഉന്നയിച്ചതെന്നും, ഒരു കോടിരൂപ നഷ്ടപരിഹാരമായി 15 ദിവസത്തിനുള്ളിൽ നൽകണമെന്നും ചെന്നിത്തലയുടെ വക്കീൽ നോട്ടീസിൽ പറയുന്നു. ഹൈക്കോടതി ഹർജി പരിഗണിക്കുന്നതിനു മുമ്പുതന്നെ സന്തോഷ് ഇൗപ്പൻ ഹർജിയുടെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് നൽകിയെന്നും ഇതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പത്രസമ്മേളനവുമായി രംഗത്തെത്തിയെന്നും മുൻ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി. അസഫ് അലി മുഖേന നൽകിയ നോട്ടീസിൽ പറയുന്നു. സന്തോഷ് ഇൗപ്പനും സി.പി.എം നേതാക്കളും തമ്മിലുള്ള രഹസ്യബന്ധമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. രാഷ്ട്രീയവും വ്യക്തിപരവുമായ വൈരാഗ്യം നിമിത്തമാണ് കോടിയേരി ആരോപണമുന്നയിച്ചത്. ഹർജിയിലെ വിവാദപരാമർശം സന്തോഷ് ഇൗപ്പൻ നീക്കണമെന്നും, മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.