കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കായി വിവിധ പ്രതിരോധ നടപടികൾ സ്വീകരിച്ചതായി റെയിൽവെ അറിയിച്ചു. പാൻട്രികളിൽ ഭക്ഷണം പാചകം ചെയ്യുന്ന നടപടി നിർത്തലാക്കിയത് തുടരും. നിലവിൽ കേരളത്തിലടക്കം സർവീസ് നടത്തുന്ന സ്‌പെഷ്യൽ ട്രെയിനുകളിൽ ട്രെയിനിൽ തന്നെ പാചകംചെയ്ത ഭക്ഷണം വിതരണം ചെയ്യുന്ന സംവിധാനമില്ല. ഡൽഹി, മുംബയ് എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളിൽ ഉൾപ്പെടെ പാചകംചെയ്ത ഭക്ഷണം വിതരണമില്ല. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഈ നിയന്ത്രണം തുടരും. എന്നാൽ പാക്കറ്റ് ഫുഡുകൾക്ക് വിലക്കില്ല. ഐ.ആർ.സി.ടി.സിയുടെ മൊബൈൽ കാറ്ററിംഗ് യൂണിറ്റുകൾവഴി പായ്ക്കുചെയ്ത ലഘുഭക്ഷണങ്ങൾ, ബിസ്‌കറ്റ് തുടങ്ങിയവയും ചായ, കാപ്പി, കുടിവെള്ളം എന്നിവയും യാത്രക്കാർക്ക് നൽകുന്നുണ്ട്. യാത്രക്കാർ സ്വന്തമായി പാചകംചെയ്ത ഭക്ഷണം കൊണ്ടുവരാനും റെയിൽവെ നിർദേശിക്കുന്നുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ എ.സി കമ്പാർട്ട്‌മെന്റുകളിൽ ബെഡ്‌റോൾ, തലയണ എന്നിവയുടെ വിതരണം റെയിൽവെ നിർത്തിയിരുന്നു. ഇത്തരം കോച്ചുകളിലെ കർട്ടനുകളും എടുത്തുമാറ്റിയിരുന്നു. മതിയായ വായുസഞ്ചാരം ഉറപ്പാക്കുന്നതിന് താപനില ക്രമീകരണവും ഏർപ്പെടുത്തി. നിലവിൽ പതിനഞ്ചോളം സ്‌പെഷ്യൽ ട്രെയിനുകളാണ് കേരളംവഴി സർവീസ് നടത്തുന്നത്. ഈ മാസം ആദ്യം ചെന്നൈയിലേക്കും സ്‌പെഷ്യൽ സർവീസ് തുടങ്ങിയിരുന്നു. എല്ലാ ട്രെയിനുകളിലും മുൻകുട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരെ മാത്രമാണ് യാത്രചെയ്യാൻ അനുവദിക്കുന്നത്. പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കാനും ടിക്കറ്റ് നിർബന്ധമാണ്. അണുനശീകരണത്തിന് ശേഷമാണ് ഓരോ സർവീസും തുടങ്ങുന്നത്. കൃത്യമായ ഇടവേളകളിൽ ട്രെയിനിന് അകത്തും ടോയ്‌ലെറ്റുകളിലും ശുചീകരണം ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.