pokkali

വൈപ്പിൻ: പൊക്കാളിപ്പാടങ്ങളിൽ വീണ്ടും കൊയ്ത്തുകാലമെത്തി. എറണാകുളം, ആലപ്പുഴ, തൃശൂർ തീരപ്രദേശങ്ങളുടെ തനത് നെൽകൃഷിയാണ് പൊക്കാളി. ലവണാംശമുള്ളഓരുജലത്തിൽ വളരുന്ന അപൂർവമായ നെല്ലിനം കൂടിയാണിത്.

പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ, കോട്ടുവള്ളി, വരാപ്പുഴ, കടമക്കുടി, മുളവ്കാട്, ചെല്ലാനം പഞ്ചായത്തുകളിലാണ് ജില്ലയിലെ പൊക്കാളിപ്പാടങ്ങൾ.

ഭൂമി നിരപ്പിൽ നിന്നും ഒന്നര മീറ്ററോളം താഴ്ന്നാണ് പൊക്കാളി നിലങ്ങളുടെ കിടപ്പ്. കായലിലൂടെ ഒഴുകി വരുന്ന ഓരു വെള്ളമാണ് പാടങ്ങളിൽ നിറയുക.

ഏപ്രിൽ പകുതിയോടെ കൃഷി ആരംഭിക്കും. നിലം വറ്റിച്ച്പുറം ബണ്ടുകൾ ബലപ്പെടുത്തി വെള്ളം കയറുന്നത് നിയന്ത്രിക്കാൻ തൂമ്പുകൾ അടയ്ക്കും. മേടത്തിൽ മണ്ണ് വരണ്ടതാകുമ്പോൾ കണ്ണികളും വാരങ്ങളും ഉണ്ടാക്കുന്നു. ഇടവപ്പാതിയോടെയാണ് വിത. തൂമ്പുകളിലൂടെ അകത്തേക്ക് കയറ്റുന്ന വെള്ളത്തിലൂടെ വിവിധ ജലസസ്യങ്ങളും പായലുകളും നശിച്ച് വളമാകും.

നാല് മാസം കഴിയുമ്പോഴേക്കും കൊയ്ത്തിന് പാകമാകും. തുലാത്തിലും വൃശ്ചികത്തിലേക്ക് കടക്കുമ്പോഴേക്കുമാണ് കൊയ്ത്തുകാലം.

സമ്പൂർണമായും ജൈവരീതി മതിയെന്നതാണ് പൊക്കാളിയുടെ മറ്റൊരു ആകർഷണം. വളം വേണ്ട, കീടനാശിനി വേണ്ട, പരിപാലനം കുറവ്. വർഷത്തിൽ പകുതി മീനും വളർത്താം.

നഷ്ടക്കച്ചവടം

ഒട്ടേറെ പ്രത്യേകതകളും മേന്മകളുമൊക്കെയുണ്ടെങ്കിലും പൊക്കാളികൃഷി കർഷകന് നഷ്ടം തന്നെയാണ്. ഈ നഷ്ടം നികത്താൻ പ്രകൃതി ഒരുക്കി കൊടുത്തതാണ് ചെമ്മീൻ കൃഷി. ആറ് മാസം പൊക്കാളി , ആറ് മാസം ചെമ്മീൻ കെട്ട് എന്നതാണ് നാട്ടുനടപ്പും നിയമവും.

കൂലി ചെലവിനും മറ്റുമായി ഹെക്ടർ ഒന്നിന് 17000 രൂപ വീതം കൃഷിവകുപ്പിൽ നിന്നും നല്കും. കൂടാതെ ഹെക്ടർ ഒന്നിന് 10000 രൂപ വേറയുമുണ്ട്.

കൊയ്ത്ത് കഴിഞ്ഞാലുടൻ പാടത്തേക്ക് വെള്ളം കയറുന്നതോടെ ചെമ്മീൻ കൃഷിക്കുള്ള ഒരുക്കമായി. ചെമ്മീനു പുറമേ കരിമീൻ, കണമ്പ്, പൂമീൻ, തിരുത, പിലാപ്പി തുടങ്ങിയ മത്സ്യങ്ങൾ വളർത്തിയെടുക്കലാണ് ഈ കൃഷിയുടെ ലക്ഷ്യം. ഇപ്പോൾ ചെമ്മീൻ കുഞ്ഞുങ്ങളേയും മത്സ്യക്കുഞ്ഞുങ്ങളെയും ഹാച്ചറികളിൽ നിന്ന് വാങ്ങി കെട്ടിലിട്ട് തീറ്റ നൽകി വളർത്തുന്നുണ്ട്.

കർഷകരെ സംബന്ധിച്ചെടുത്തോളം ചെമ്മീൻ കെട്ടുകളിലാണ് ഏറെ താല്പര്യം. ഇതേചൊല്ലി കർഷകരും കർഷക തൊഴിലാളികളും തമ്മിൽ പലപ്പോഴും സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. സർക്കാർ നിയമം മൂലം പൊക്കാളി കൃഷി നിർബന്ധമാക്കിയതും ധനസഹായവും കാരണമാണ് ഈ പരമ്പരാഗത നെൽകൃഷി അന്യം നിന്നു പോകാത്തത്.

പൊക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ തലത്തിൽ പൊക്കാളി വികസന ഏജൻസി പ്രവർത്തിക്കുന്നുണ്ട്. വടക്കൻ പറവൂർ ആസ്ഥാനമായ ഏജൻസിയുടെ ചെയർമാൻ എറണാകുളം ജില്ലാ കളക്ടറും വൈസ് ചെയർമാൻ കെ.ഏ. ദിനകരനുമാണ്.
ലാഭകരമല്ലാത്ത കൃഷിയായതിനാൽ പൊക്കാളി കൃഷി നാശത്തിന്റെ വക്കിലായിരുന്നു .

18,000 ഹെക്ടർ കൃഷിഭൂമി

എറണാകുളം ജില്ലയിൽ 12,000 ഹെക്ടറും

ആലപ്പുഴ, തൃശൂർ ജില്ലകളിൽ 3000 ഹെക്ടർ വീതവുമാണ് പൊക്കാളി പാടങ്ങൾ.

ആറ് ഇനങ്ങൾ
ചെട്ടിയിരിപ്പ്, തനത്, ഓർക്കൈമ, വൈറ്റില 4, വൈറ്റില 6, വൈറ്റില 8 എന്നീ ഇനങ്ങളിലാണ് പൊക്കാളി വിത്തുകളുള്ളത്. ഒരു വർഷം 32 ടൺ വിത്തുകളാണ് ആവശ്യമുള്ളത്.

അടുത്തവർഷം കൂടുതൽ വിത്ത്

റിട്ട. ഡി.ജി.പി ഹോർമിസ് തരകനുമായി സഹകരിച്ച് ഇടുക്കിയിൽ 2 ടൺ വിത്ത് അടുത്ത സീസണിൽ ഉൽപ്പാദിപ്പിക്കുമെന്ന് ഏജൻസി വൈസ് ചെയർമാൻ ദിനകരൻ പറഞ്ഞു. ചെമ്മീൻകൃഷിയിൽ മാത്രം താൽപര്യമുള്ളവർക്ക് ഏജൻസി യാതൊരു സഹായവും ചെയ്യില്ല.